ജിദ്ദ: സഊദി ദേശീയ വിമാന കമ്പനിയായ സൗദി അറേബ്യൻ എയർലൈൻസ് (സഊദിയ) ട്രാൻസിറ്റ് ഫ്ളൈറ്റുകൾ ഉൾപ്പെടെ ഇരു ദിശകളിലേക്കുമുള്ള അന്താരാഷ്ട്ര റൂട്ടുകളിലെ ടിക്കറ്റ് നിരക്കിൽ 50 ശതമാനം വരെ അസാധാരണമായ ഇളവ് പ്രഖ്യാപിച്ചു.
സെപ്റ്റംബർ ഒന്നു മുതൽ ഡിസംബർ 10 വരെയുള്ള കാലത്ത് യാത്ര ചെയ്യുന്നതിന് ഓഗസ്റ്റ് 17 മുതൽ 31 വരെ ബുക്ക് ചെയ്ത് വാങ്ങുന്ന ടിക്കറ്റുകൾക്ക് ഓഫർ ലഭിക്കും. ഇക്കാലത്ത് യാത്രക്കാർക്ക് സൗദിയ വെബ്സൈറ്റ്, സ്‌മാർട്ട്ഫോൺ ആപ്ലിക്കേഷനുകൾ എന്നിവയുൾപ്പെടെയുള്ള ഡിജിറ്റൽ ചാനലുകൾ വഴിയും സെയിൽസ് ഓഫീസുകൾ വഴിയും ബുക്കിംഗ് നടത്താനും പർച്ചേയ്‌സിംഗ് പൂർത്തിയാക്കാനും കഴിയും. പ്രമോഷണൽ ഓഫറിൽ ബിസിനസ്, ഇക്കണോമി ക്ലാസ് ടിക്കറ്റുകളും ഉൾപ്പെടുന്നു.
വിമാന ടിക്കറ്റിനൊപ്പം ഡിജിറ്റൽ ലിങ്ക് വഴി എളുപ്പത്തിൽ ഇഷ്യു ചെയ്യാൻ കഴിയുന്ന ട്രാൻസിറ്റ് വിസ ഉപയോഗിച്ച് യാത്രക്കാർക്ക് സൗദി അറേബ്യയിൽ 96 മണിക്കൂർ വരെ തങ്ങാൻ കഴിയും.
സൗദിയിലെ വിവിധ പ്രവിശ്യകൾ സന്ദർശിക്കാനും വിവിധ പരിപാടികളും ചടങ്ങുകളും ആസ്വദിക്കാനും ഉംറ നിർവഹിക്കാനും ട്രാൻസിറ്റ് വിസ ഉടമകൾക്ക് സാധിക്കും. ലോകത്തെ നാല് ഭൂഖണ്ഡങ്ങളിലായി 100 ലേറെ നഗരങ്ങളിലേക്ക് സൗദിയ സർവീസുകൾ നടത്തുന്നുണ്ട്. നിലവിൽ സൗദിയക്കു കീഴിൽ 149 വിമാനങ്ങളുണ്ട്.
..