റിയാദ്: ദിറാബിലെ ദുറത് മൽഅബ് സ്റ്റേഡിയത്തിൽ നടക്കുന്ന റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ഗ്രാന്റ്- റയാൻ സൂപ്പർ കപ്പിൻ്റെ നാലാം ആഴ്ചയിൽ തകർത്താടി മലപ്പുറം ജില്ല ടീം. ആദ്യ മത്സരത്തിലെ തോൽവിക്ക് ശേഷം മികച്ച നിരയുമായി കളത്തിലിറങ്ങിയ മലപ്പുറം ടൂൺമെന്റിൽ ഉജ്വല തിരിച്ചു വരവാണ് നടത്തിയത്. കെഎംസിസി എറണാകുളം ജില്ല ടീമിനെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് മലപ്പുറം പരാജയപ്പെടുത്തിയത്.
മലപ്പുറത്തിന് പിന്തുണയുമായി സ്റ്റേഡിയത്തിലെത്തിയ നൂറുക്കണക്കിന് ആരാധകരെ നിരാശരാക്കി മത്സരത്തിന്റെ മൂന്നാം മിനുട്ടിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി നിയാസ് ഇഖ്‌ബാൽ എറണാകുളത്തിന് ലീഡ് നേടിക്കൊടുത്തു. ഒരു ഗോൾ വീണതോടെ ഉണർന്നു കളിച്ച മലപ്പുറം പിന്നീടങ്ങോട്ട് എറണാകുളത്തിനുമേൽ പൂർണ്ണ ആധിപത്യം പുലർത്തുന്നതാണ് കണ്ടത്. മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുവാൻ മിനിട്ടുകൾ ബാക്കിയിരിക്കെ മലപ്പുറത്തിന്റെ കെ. പി ഫാസിൽ നേടിയ മനോഹരമായ ഗോൾ മലപ്പുറത്തിന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു.
രണ്ടാം പകുതിയിൽ നാല് ഗോളുകളാണ് എറണാകുളത്തിന്റെ വല തുളച്ച് കയറിയത്. മലപ്പുറത്തിന് വേണ്ടി ഫാസിൽ രണ്ട് ഗോളുകളും മുഹമ്മദ് റിയാസ്, പി. വി ജിൻഷാദ്, അർഷാദ് എന്നിവർ ഓരോ ഗോളും നേടി. മലപ്പുറത്തിന്റെ കെ. പി ഫാസിൽ മത്സരത്തിലെ മാൻ ഓഫ് ദ മാച്ചിന് അർഹനായി. റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര മാൻ ഓഫ് ദ മാച്ച് അവാർഡ് സമ്മാനിച്ചു.
ടൂർണമെന്റിലെ മറ്റൊരു മത്സരത്തിൽ കാസർകോട് ജില്ല കെഎംസിസിയും കോഴിക്കോട് ജില്ല കെഎംസിസിയും തമ്മിലുള്ള മത്സരം ഗോൾ രഹിത സമനിലയിൽ കലാശിച്ചു. മികച്ച താര നിരയുമായി കളത്തിലിറങ്ങിയ ഇരു ടീമുകളും ഗോളിലേക്ക് നല്ല മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഒന്ന് പോലും ലക്ഷ്യത്തിലേക്ക് എത്തിക്കാൻ സാധിച്ചില്ല. ഇതോടെ ലീഗ് റൗണ്ടിലെ അവസാന മത്സരം ഇരു ടീമുകൾക്കും നിർണ്ണായകമായി. കാസർകോടിന്റെ നജ്മലാണ് മാൻ ഓഫ് ദ മാച്ച്. സെൻട്രൽ കമ്മിറ്റി സുരക്ഷ പദ്ധതി ചെയർമാൻ അബ്ദുറഹ്മാൻ ഫറൂക്ക് മാൻ ഓഫ് ദ മാച്ച് അവാർഡ് സമ്മാനിച്ചു.
ഷരീഫ് അരീക്കോട്, മുജീബ് മുവാറ്റുപുഴ, സഫീർ തിരൂർ, ബഷീർ ഇരുമ്പുഴി, ഷാജഹാൻ വളളിക്കുന്ന്, നാസർ മഞ്ചേരി, ഖമറുദ്ദീൻ പെരിന്തൽമണ്ണ, ഷുക്കൂർ തിരൂരങ്ങാടി, നൗഷാദ് അലി സ്കോപ്പ്, ഷൗകത്ത് പന്നിയങ്കര, ഇസ്മായിൽ കരോളം, കുഞ്ഞോയി കോടമ്പുഴ, സിദ്ദീഖ് കുറോളി, ഫിറോസ് കാപ്പാട്, മജീദ് സൊങ്കൾ, ജമാൽ തൃക്കരിപ്പൂർ, യാസർ കാസർക്കോട്, ഫൈസൽ ബാബു ഫറോക്ക്, മജീദ് കണ്ണൂർ സ്കോപ്പ് എന്നിവർ വിവിധ മത്സരങ്ങളിൽ കളിക്കാരുമായി പരിചയപ്പെട്ടു. ആഗസ്റ്റ് 15 വെള്ളിയാഴ്ച നടക്കുന്ന മത്സരത്തില്‍ കണ്ണൂർ ജില്ല എറണാകുളത്തേയും
കാസർഗോഡ് ജില്ല തൃശ്ശൂരിനെയും നേരിടും.