രണ്ട് ഭാര്യമാർ, ആഡംബരകാറുകളും വസതിയും; വിമാനത്തിൽ കാബിൻ ക്രൂവിനെ ഭീഷണിപ്പെടുത്തിയ ബിസിനസ്സുകാരന് വൻ കടബാധ്യത

0
184

ഹീത്രോ: വിർജിൻ അറ്റ്ലാന്റിക് കാബിൻ ക്രൂവിനെ പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ പാക്കിസ്ഥാൻ പൗരനായ സൽമാൻ ഇഫ്തിഖറിന് (37) 1.7 ദശലക്ഷം പൗണ്ട് കടബാധ്യതയുണ്ടെന്ന് റിപ്പോർട്ട്. ബക്കിങ്ങാംഷയറിലെ ഐവറിയിൽ ആറ് കിടപ്പുമുറികളുള്ള ആഡംബര വസതിയിൽ നിന്നാണ് ലണ്ടനിൽ ബിസിനസ് നടത്തിയിരുന്ന ഇയാൾ അറസ്റ്റിലായത്.

രണ്ട് തവണ വിവാഹിതനായ ഇയാൾ എറം സൽമാൻ (38) എന്ന ഭാര്യയുമായി ചേർന്നാണ് ലണ്ടനിലെ ബിസിനസ് നടത്തുന്നത്. ഇവർക്ക് മൂന്ന് കുട്ടികളുണ്ട്. വിർജിൻ അറ്റ്ലാന്റിക്കിൽ കേസിന് ആസ്പദമായ സംഭവം നടക്കുമ്പോൾ ഇയാൾക്ക് ഒപ്പമുണ്ടായിരുന്നതും എറം സൽമാനായിരുന്നു.

റേഞ്ച് റോവർ, ബെന്റ്ലി, റോയൽസ് റോയ്സ് തുടങ്ങിയ ഒട്ടേറെ ആഡംബര കാറുകളും സൽമാന് സ്വന്തമായുണ്ട്. പാക്കിസ്ഥാനിൽ സൽമാന് മറ്റൊരു ഭാര്യയുണ്ട് – സൂപ്പർ മോഡലും നടിയുമായ അബീർ റിസ്വി. ടിക് ടോക്കിൽ അര ദശലക്ഷത്തിലധികം ഫോളോവേഴ്സുള്ള നടി ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമത്തിൽ പല തവണ പങ്കുവച്ചിട്ടുണ്ട്.

വിർജിൻ അറ്റ്ലാന്റിക് കാബിൻ ക്രൂവിനെ പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സൽമാനെ 15 മാസം തടവിനാണ് കോടതി ശിക്ഷിച്ചിരിക്കുന്നത്. 2023 ഫെബ്രുവരി ഏഴിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹീത്രോയിൽ നിന്ന് ലാഹോറിലേക്ക് വിർജിൻ അറ്റ്ലാന്റിക്കിന്റെ വിമാനത്തിൽ ഫസ്റ്റ് ക്ലാസിൽ യാത്ര ചെയ്യുകയായിരുന്നു ലണ്ടനിലെ ബിസിനസുകാരനായ സൽമാൻ ഇഫ്തിഖർ. ഓൺബോർഡ് ബാറിൽ നിന്ന് ഐസ് സ്വയമെടുക്കുന്നതിന് കാബിൻ ക്രൂ വിലക്കിയതിൽ പ്രകോപിതനായി എട്ടു മണിക്കൂർ 15 മിനിറ്റ് നീണ്ട യാത്രയിൽ ഉടനീളം പ്രശ്നം സൃഷ്ടിച്ചതായിട്ടാണ് റിപ്പോർട്ട്. ഒപ്പമുണ്ടായിരുന്ന ഭാര്യയും മൂന്നു കുട്ടികളും അപേക്ഷിച്ചിട്ടും ഇയാൾ ശാന്തനായില്ല.

ഹോട്ടൽ മുറിയിൽ നിന്ന് പിടിച്ചുകൊണ്ടുപോയി സംഘം ചേർന്ന് പീഡിപ്പിച്ച് തീയിടുമെന്ന് ഒരു കാബിൻ ക്രൂവിനോട് സൽമാൻ ഇഫ്തിഖർ ഭീഷണിപ്പെടുത്തി. മറ്റൊരു കാബിൻ ക്രൂവിനോട് ലാഹോറിലെ അവാരി ഹോട്ടലിൽ നിങ്ങൾ താമസിക്കുന്ന നില തകർത്ത് കൊല്ലുമെന്നായിരുന്നു ഭീഷണി മുഴക്കിയത്. ഇതിനു പുറമെ ഇയാൾ കാബിൻ ക്രൂവിന്റെ കൈ പിടിച്ച് തിരിച്ചതായും ശാരീരികമായി ആക്രമിച്ചതായും കോടതി കണ്ടെത്തി. വധഭീഷണിക്ക് പുറമെ വംശീയ അധിക്ഷേപം നടത്തിയെന്നും തെളിഞ്ഞു.