ബസ്സിൽ യാത്രക്കാരിക്ക് മുന്നിൽ നഗ്നതാ പ്രദർശനം: പ്രതി അറസ്റ്റിൽ

0
145

പാലക്കാട്: പാലക്കാട് കോങ്ങാട് ബസ്സിൽ യാത്രക്കാരിക്ക് മുന്നിൽ നഗ്നത പ്രദർശനം നടത്തിയ പ്രതി അറസ്റ്റിൽ. കടമ്പഴിപ്പുറം സ്വദേശി സഹീറാണ് കോങ്ങാട് പൊലീസിന്റെ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. 2012-ൽ മറ്റൊരു യുവതിയുടെ പരാതിയിൽ പാലക്കാട് നോർത്ത് പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസുണ്ട്.

ഇന്നലെ രാവിലെ കാഞ്ഞിരപ്പുഴ ഭാഗത്തു നിന്ന് പാലക്കാട് ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സിൽ മൂണ്ടൂരിലേക്ക് യാത്ര ചെയ്യുകയായിരുന്ന യുവതിക്കാണ് ദുരനുഭവം നേരിടേണ്ടി വന്നത്. മുണ്ടൂർ പത്താം മൈൽ സമീപത്ത് വെച്ച് പ്രതിയെ കോങ്ങാട് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ബസ് വേലിക്കാട് പിന്നിട്ടപ്പോൾ യുവതിക്ക് പുറകിൽ നിന്നിരുന്ന സഹിർ ലൈംഗിക വൈകൃതം നിറഞ്ഞ പെരുമാറ്റം കാണിച്ചതായാണ് പരാതി. യുവതി സമയോചിതമായി ഇടപെടുകയും ഉടൻതന്നെ പൊലീസ് എമർജൻസി 112 നമ്പറിൽ വിളിക്കുകയും ഒപ്പം ഉണ്ടായിരുന്ന വിദ്യാർഥികളോട് പറയുകയുമായിരുന്നു.