നിമിഷപ്രിയ മോചനം: ചാണ്ടി ഉമ്മന്‍ എം എല്‍ എ റഹീം സഹായ സമിതിയുമായി റിയാദിൽ കൂടിക്കാഴ്ച നടത്തി

0
89
  • റഹീം മോചനത്തിനായി സമാഹരിച്ച തുകയുടെ ബാക്കി ട്രസ്റ്റ് നിയമാവലികള്‍ പാലിച്ചു കൈമാന്‍ തയ്യാറാണെന്ന് റഹീം സഹായ സമിതി

റിയാദ്: ഹൃസ്വസന്ദര്‍ശനാര്‍ത്ഥം റിയാദിലെത്തിയ ചാണ്ടി ഉമ്മന്‍ എം എല്‍ എ റിയാദ് റഹീം സഹായ സമിതിയുമായി കൂടിക്കാഴ്ച നടത്തി. നിമിഷ പ്രിയ കേസുമായി ബന്ധപ്പെട്ട പുരോഗതികള്‍ അദ്ദേഹം സമിതിയുമായി സംസാരിക്കുകയും കുടുംബവുമായുള്ള കരാറുകള്‍ പൂര്‍ത്തിയയാല്‍ സാധ്യമായ സഹായങ്ങള്‍ ഉണ്ടാകണമെന്നും അദ്ദേഹം സമിതിയോട് ആവശ്യപ്പെടുകയും ചെയ്തു.

നിമിഷ പ്രിയയുടെ കുടുംബവുമായി ദിയ ധനം നല്‍കാനുള്ള കരാര്‍ പൂര്‍ത്തിയായാല്‍ റഹീം മോചനത്തിനായി സമാഹരിച്ച തുകയുടെ ബാക്കി ട്രസ്റ്റ് നിയമാവലികള്‍ പാലിച്ചു കൈമാന്‍ തയ്യാറാണെന്ന് റഹീം സഹായ സമിതി ചെയര്‍ സി പി മുസ്തഫ എം എല്‍ എ യെ അറിയിച്ചു. അബ്ദുല്‍ റഹീം കേസില്‍ സമാനതകളില്ലാത്ത ഐക്യമാണ് മലയാളി സമൂഹത്തില്‍ നിന്നുണ്ടായത്. അതിനായി നേതൃത്വം നല്‍കിയ റിയാദ് മലയാളി പൊതുസമൂഹത്തെ അഭിനന്ദിക്കുന്നതായും അതേ ഐക്യം നിമിഷപ്രിയ മോചന ദൗത്യത്തിലും ഉണ്ടാകണമെന്ന് എം എല്‍ എ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

ആര് സംസാരിച്ചു ആര് ഇടപെട്ടു എന്ന അപ്രസക്ത ചര്‍ച്ചക്കപ്പുറം അന്യദേശത്ത തടവറയിലുള്ള നമ്മുടെ സഹോദരിയെ എങ്ങനെ മോചിപിച്ചു നാട്ടിലെത്തിക്കാം എന്നതിലാണ് ശ്രദ്ധയുണ്ടാകേണ്ടതെന്നും അനാവശ്യ ചര്‍ച്ചകളില്‍ നിന്ന് മാറി നില്‍ക്കാന്‍ സമിതി ഉള്‍പ്പെടെയുള്ള പ്രവാസി സമൂഹം നേതൃത്വം നല്‍കണമെന്നും അദ്ദേഹം സമിതിയോട് പറഞ്ഞു.

യോഗത്തില്‍ ജനറല്‍ കണ്‍വീനര്‍ അബ്ദുള്ള വല്ലാഞ്ചിറ സ്വാഗതം പറഞ്ഞു. ചെയര്‍മാന്‍ സി പി മുസ്തഫ അധ്യക്ഷനായ ചടങ്ങില്‍, വൈസ് ചെയര്‍മാന്‍ മുനീബ് പാഴൂര്‍, കുഞ്ഞോയി കോടമ്പുഴ, മൊഹിയുദ്ദീന്‍ ചേവായൂര്‍, നവാസ് വെള്ളിമാട് കുന്ന്, മീഡിയ കണ്‍വീനര്‍ നൗഫല്‍ പാലക്കാടന്‍ എന്നിവര്‍ സംസാരിച്ചു.

എല്ലാ മാനുഷിക ഇടപെടലുകള്‍ക്കും സര്‍വ്വ പിന്തുണയോടെ കൂടെയുണ്ടാകുമെന്നും കൂടിക്കാഴ്ച്ചക്ക് നന്ദിയറിയിക്കുന്നതായും ചീഫ് കോഡിനേറ്റര്‍ ഹസ്സന്‍ ഹര്‍ഷദ് പറഞ്ഞു.