- റിയാദ്, ജിദ്ദ നഗരങ്ങളിൽ നിർദ്ദിഷ്ട ഭാഗങ്ങളിൽ സ്വത്ത് സ്വന്തമാക്കാനാവും. മക്ക, മദീന എന്നിവിടങ്ങളിൽ മതപരം ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾക്ക് വിധേയമായാണ് അനുവാദം ലഭിക്കുക.
റിയാദ്: രാജ്യത്ത് വിദേശികൾക്ക് റിയൽ എസ്റ്റേറ്റ് മേഖലയിൽ നേരിട്ട് സ്വത്ത് സമ്പാദിക്കാൻ അനുവാദം നൽകുന്ന സംവിധാനത്തിെൻറ പൊതു സവിശേഷതകൾ സഊദി റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റി വെളിപ്പെടുത്തി. ഭൂമിയും കെട്ടിടങ്ങളും വാങ്ങാൻ ആറ് വിഭാഗങ്ങളിൽപ്പെടുന്ന വിദേശികൾക്കാണ് അനുവാദം നൽകുന്നത്.
സഊദി റിയൽ എസ്റ്റേറ്റ് വിപണിയുടെ നിയന്ത്രണ അന്തരീക്ഷം ശക്തിപ്പെടുത്തുന്നതിനും നിക്ഷേപം വികസിപ്പിക്കുന്നതിനും മൊത്ത ആഭ്യന്തര ഉൽപാദനത്തിലേക്ക് എണ്ണയിതര മേഖലകളിൽനിന്നുള്ള വിഹിതം വർധിപ്പിക്കുന്നതിനുമുള്ള ‘വിഷൻ 2030’ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിെൻറ ഭാഗമാണ് പുതിയ നിയമം.
വിദേശികളായ വ്യക്തികൾ, വിദേശ കമ്പനികൾ (രാജ്യത്ത് പ്രവർത്തിക്കുന്നതല്ലാത്തവ ഉൾപ്പടെ), ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന വിദേശ സ്ഥാപനങ്ങൾ, അന്താരാഷ്ട്ര പ്രാതിനിധ്യ സ്ഥാപനങ്ങളും ഏജൻസികളും (സഊദി വിദേശകാര്യ മന്ത്രാലയത്തിെൻറ അംഗീകാരത്തോടെ), വിദേശികളുടെ സംയുക്ത ഉടമസ്ഥതയിലെ മൂലധനമുള്ള സഊദി കമ്പനികൾ, വിദേശികൾ സംയുക്തമായി മൂലധനം സ്വന്തമാക്കിയിരിക്കുന്ന കമ്പനികൾ, ഫണ്ടുകൾ അല്ലെങ്കിൽ പ്രത്യേക ഉദ്ദേശ്യ സ്ഥാപനങ്ങൾ എന്നീ വിഭാഗക്കാർക്കാണ് സഊദിയിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ ഇടപഴകാനും ഉടമസ്ഥതക്കും അർഹതയുണ്ടായിരിക്കുക.
റിയാദ്, ജിദ്ദ നഗരങ്ങളിൽ നിർദ്ദിഷ്ട ഭാഗങ്ങളിൽ സ്വത്ത് സ്വന്തമാക്കാനാവും. മക്ക, മദീന എന്നിവിടങ്ങളിൽ മതപരം ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾക്ക് വിധേയമായാണ് അനുവാദം ലഭിക്കുക. മക്കയിലും മദീനയിലും മുസ്‌ലിംകൾക്ക് മാത്രമേ ഭൂമിയും വസ്തുവും വാങ്ങാനാവൂ. അതോറിറ്റിയുടെ റിയൽ എസ്റ്റേറ്റ് രജിസ്ട്രിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന വസ്തുക്കൾ മാത്രമേ വാങ്ങാനാവൂ.
നികുതിയും ഫീസും ഉൾപ്പെടെ 10 ശതമാനം തുക വാങ്ങൂന്നയാൾ നൽകണം. മേൽപ്പറഞ്ഞ റിയൽ എസ്റ്റേറ്റ് നിയമങ്ങളും നിയന്ത്രണങ്ങളും ലംഘിച്ചാൽ ഒരു കോടി റിയാലാണ് പിഴ.