ഗുരുവായൂരിൽ പറന്നിറങ്ങി അക്ഷയ് കുമാർ; ക്ഷേത്ര ദർശനം കഴിഞ്ഞ് മടക്കം

0
12

ബോളിവുഡ് താരം അക്ഷയ്കുമാർ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ഇന്ന് രാവിലെ 7.45ഓടെ ശ്രീകൃഷ്ണ കോളജ് മൈതാനത്ത് ഹെലികോപ്റ്ററിൽ വന്നിറങ്ങിയ അക്ഷയ് കുമാർ കാർ മാർഗമാണ് ദേവസ്വത്തിൻ്റെ ശ്രീവത്സം അതിഥിമന്ദിരത്തിലെത്തിയത്.

ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാർ അദ്ദേഹത്തെ സ്വീകരിച്ചു. അൽപ നേരത്തെ വിശ്രമത്തിന് ശേഷം അദ്ദേഹം ഗുരുവായൂരപ്പ ദർശനത്തിനായി ക്ഷേത്രത്തിലെത്തി. ദേവസ്വം ഭരണസമിതി അംഗം കെ .എസ് ബാലഗോപാലിനും ജീവനക്കാർക്കു ഒപ്പമാണ് അക്ഷയ് കുമാറെത്തിയത്.

കേരളീയ വേഷത്തില്‍ ജൂബയും മുണ്ടും ധരിച്ചാണ് താരം ക്ഷേത്രദർശനത്തിന് എത്തിയത്. ശ്രീ വത്സത്തിൽ നിന്ന് നടന്ന് ക്ഷേത്രത്തിലെത്തി കാണിക്കയിട്ട് തൊഴുതു. ഗുരുവായൂർ എ.സി.പി. സി പ്രേമാനന്ദകൃഷ്ണൻറെ നേതൃത്വത്തിൽ സുരക്ഷയൊരുക്കി. ദർശനം കഴിഞ്ഞ് എട്ടരയോടെ മടങ്ങി.