മൂന്ന് മാസം ഗർഭിണിയായ ഭാര്യയെ കൊലപ്പെടുത്തി ഓടി രക്ഷപെട്ട യുവാവ് അറസ്റ്റില്‍. ബെംഗളൂരുവിലെ ഹെന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. തനിസാന്ദ്രയിലെ ഒരു വാടക വീട്ടില്‍ നിന്നും ദുർഗന്ധം വമിച്ചതിനെ തുടര്‍ന്നാണ് കൊലപാതകം പുറത്തറിയുന്നത്. ദുർഗന്ധത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് കരുതുന്നത്. സംഭവത്തില്‍ കൊലപാതകത്തിന് പിന്നാലെ ഓടി രക്ഷപ്പെട്ട പ്രതി ഉത്തർപ്രദേശ് കുശിനഗർ സ്വദേശി 20 കാരന് ശിവം പൊലീസ് പിടിയിലായിട്ടുണ്ട്. 22 കാരിയായ ശിവത്തിന്റെ ഭാര്യ സുമനയാണ് കൊല്ലപ്പെട്ടത്. സുമനയുടെ മൂക്കിൽ നിന്ന് രക്തസ്രാവമുണ്ടായിരുന്നെങ്കിലും മറ്റ് പരിക്കുകളൊന്നും കണ്ടെത്തിയില്ലെന്ന് പൊലീസ് പറയുന്നു. മൃതദേഹത്തിന് സമീപത്തുനിന്ന് മദ്യക്കുപ്പികളും ഭക്ഷണ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്.
അവിഹിതബന്ധം സംശയിച്ച് ശിവം നിസ്സാരകാര്യങ്ങൾക്ക് ഭാര്യയുമായി വഴക്കിടാറുണ്ടെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച രാത്രി വഴക്കിനിടെ ശിവം സുമനയെ ആക്രമിക്കുകയായിരുന്നു. പിന്നീട് ഇരുവരും വെവ്വേറെ മുറികളിലാണ് ഉറങ്ങിയത്. ചൊവ്വാഴ്ച രാവിലെ ശിവം സുമനയെ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് ഭക്ഷണം തയ്യാറാക്കി കഴിച്ച് ശിവം ജോലിക്ക് പോയി. രാത്രിയിൽ തിരിച്ചെത്തി വീണ്ടും മദ്യപിച്ച് ഭക്ഷണം കഴിച്ച് കിടന്നുറങ്ങി.
ബുധനാഴ്ച വീണ്ടും സുമനയെ വിളിച്ചുണര്‍ത്താന്‍ ശിവം ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിലാണ് സുമന മരിച്ചതായി ശിവം മനസിലാക്കുന്നത്. എന്നാല്‍ പൊലീസില്‍ അറിയിക്കുന്നതിനുപകരം, ശിവം മുട്ട ബുർജി തയ്യാറാക്കുകയും മൃതദേഹത്തിനരികിൽ നിന്ന് മദ്യപിച്ചതായും ഭക്ഷണം കഴിച്ചതായും പൊലീസ് പറയുന്നു. പിന്നീട് മൃതദേഹം ഉപേക്ഷിക്കാൻ ആലോചിച്ചെങ്കിലും പിടിക്കപ്പെടുമെന്ന് ഭയന്ന് ആ ആശയം ഉപേക്ഷിച്ച് ശിവം ഓടി രക്ഷപ്പെടുകയായിരുന്നു.
അഞ്ച് വർഷമായി പ്രണയത്തിലായിരുന്നു ശിവവും സുമനയും ആറുമാസം മുന്‍പാണ് വിവാഹിതരായത്. മാതാപിതാക്കളെയും കുടുംബത്തെയും എതിര്‍ത്തുകൊണ്ടായിരുന്നു വിവാഹം. തുടര്‍ന്ന് കഴിഞ്ഞ അഞ്ച് മാസമായി അവർ ബെംഗളുരുവില്‍ താമസിച്ചുവരികയായിരുന്നു. സുമനയെ കൊലപ്പെടുത്തി വീട്ടിൽ നിന്ന് ഓടി രക്ഷപ്പെട്ട ശിവമിനെ വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് പിടികൂടിയത്.





