കാറിനുള്ളിൽ ഹവാല ഇടപാടെന്ന് രഹസ്യവിവരം; 3.80 കോടിയുമായി അഞ്ചുപേർ പിടിയിൽ

മധുര: തമിഴ്‌നാട്ടിൽ 3.80 കോടി ഹവാല പണവുമായി അഞ്ചുപേർ പിടിയിൽ. മധുരയിലെ മീനാക്ഷി അമ്മൻ ക്ഷേത്രത്തിന് സമീപം പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. അനധികൃത പണമിടപാട് നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സിറ്റി പൊലീസ് പ്രധാന സ്ഥലങ്ങളിൽ സംഘങ്ങളെ വിന്യസിക്കുകയും സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്തുവരികയായിരുന്നു.

ക്ഷേത്രത്തിന് സമീപമുള്ള മധുര കോർപ്പറേഷന്റെ പാർക്കിംഗ് സ്ഥലത്ത് നിർത്തിയിട്ടിരുന്ന ഒരു കാറിൽ അനധികൃത ഇടപാടുകൾ നടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. വാഹനം വളഞ്ഞ പൊലീസ് സംഘം അതിനുള്ളിൽ നിന്ന് 3.80 കോടി രൂപ കണ്ടെത്തുകയായിരുന്നു. കാറിലുണ്ടായിരുന്ന അഞ്ച് പേരെ ഉടൻ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

ഉടൻ ആദായനികുതി ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും അവർ വിളകുത്തുൻ പൊലീസ് സ്റ്റേഷനിൽ എത്തുകയും പണം ഔദ്യോഗികമായി കൈമാറുകയും ചെയ്തു. പണത്തിന്റെ ഉറവിടം, ഇടപാടിൽ ഉൾപ്പെട്ട ശൃംഖല, എന്തുകൊണ്ടാണ് മധുര ഈ ഇടപാടിനായി തെരഞ്ഞെടുക്കാൻ കാരണം എന്നിവ അന്വേഷിക്കുന്നുണ്ട്.