മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ മസ്‌കറ്റില്‍നിന്നെത്തിയ യുവതിയില്‍നിന്ന് പിടിച്ചെടുത്ത ഒരുകിലോ എംഡിഎംഎയുടെ ഉറവിടം വ്യക്തമായെന്നും അന്വേഷണത്തിലായതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും ജില്ലാ പോലീസ് മേധാവി.ആര്‍. വിശ്വനാഥ്. മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ മാസം 16-നാണ് പത്തനംതിട്ട വാഴമുട്ടം നെല്ലിവയലിലെ സൂര്യ ഒമാനിലേക്കു പോയത്. ഞായറാഴ്ച രാവിലെ തിരികെയെത്തിയപ്പോഴാണ് ഇവരില്‍നിന്ന് 950 ഗ്രാമിലേറെ എംഡിഎംഎ കരിപ്പൂര്‍ പോലീസ് പിടിച്ചത്.
ഇവര്‍ക്ക് ഇത് നല്‍കിയവരെക്കുറിച്ചും ആര്‍ക്കുവേണ്ടി കൊണ്ടുവന്നു എന്നതിനെക്കുറിച്ചും വിവരങ്ങള്‍ കിട്ടിയിട്ടുണ്ട്. ഇതേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാവില്ല. പിടിച്ചെടുത്ത എംഡിഎംഎയ്ക്ക് വിപണിയില്‍ 50 ലക്ഷം രൂപയോളം വിലയുള്ളതായും പോലീസ് മേധാവി പറഞ്ഞു.
ജോലി അന്വേഷിച്ചാണ് ഒമാനിലേക്കു പോയതെന്നാണ് സൂര്യയുടെ മൊഴി. പോലീസ് അതു വിശ്വസിച്ചിട്ടില്ല. കൊണ്ടുവരുന്നത് ലഹരിയാണെന്ന് ഇവര്‍ക്ക് അറിയാമായിരുന്നുവെന്നാണ് പോലീസ് കരുതുന്നത്.സൂര്യയുടെ യാത്രാവിവരങ്ങളും ഒമാനില്‍ മുമ്പ് ജോലി ചെയ്തിരുന്നുവോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളും പരിശോധിക്കും.
ഇതിനുമുമ്പ് കൊണ്ടോട്ടി നെടിയിരുപ്പിലെ ആഷിക്കിന്റെ വീട്ടില്‍നിന്ന് ഒന്നരക്കിലോ എംഡിഎംഎ പിടിച്ചിരുന്നു. ഇതും ഒമാനില്‍നിന്നെത്തിയതാണ്. എന്നാല്‍ അതും സൂര്യയുടേതും ഒരേ ഉറവിടത്തില്‍നിന്നാണോ എന്ന് ഇപ്പോള്‍ പറയാനാകില്ല. ഇപ്പോഴത്തെ കേസില്‍ പിടിയിലായ സൂര്യയുള്‍പ്പെടെ നാലുപേര്‍ മുമ്പ് ലഹരിക്കേസില്‍ ഉള്‍പ്പെട്ടവരല്ല. വിമാനത്താവളം വഴിയുള്ള ലഹരിക്കടത്തില്‍ നിരീക്ഷണവും പരിശോധനയും തുടരുമെന്നും വിശ്വനാഥ് പറഞ്ഞു.
കാത്തിരിക്കുന്നത് പത്തുവര്‍ഷത്തില്‍ കുറയാത്ത ശിക്ഷ
കരിപ്പൂരിലെ എംഡിഎംഎ കേസില്‍ ഉള്‍പ്പെട്ടവരെ കാത്തിരിക്കുന്നത് പത്തു വര്‍ഷത്തില്‍ കുറയാത്ത തടവുശിക്ഷ. കൂടാതെ ഇത്തരം കേസുകളില്‍പ്പെടുന്ന പ്രതികളുടെ സ്ഥാവര ജംഗമ സ്വത്തുവകകള്‍ അന്വേഷണവിധേയമായി മരവിപ്പിക്കാനും നിയമമുണ്ട്. പ്രതിയുടെ അച്ഛന്‍, അമ്മ, ജീവിതപങ്കാളി (ഭാര്യ/ഭര്‍ത്താവ്), സഹോദരങ്ങള്‍, ജീവിതപങ്കാളിയുടെ സഹോദരങ്ങള്‍, സഹായികള്‍, വ്യവഹാരങ്ങള്‍ കൈകാര്യം ചെയ്യുന്നയാള്‍ എന്നിവരുടെ ആറു വര്‍ഷത്തിനുള്ളില്‍ സ്വന്തമാക്കിയ സ്വത്തിനെക്കുറിച്ചും അന്വേഷിക്കാം. ആവശ്യമെങ്കില്‍ ഇതിന്മേലും നടപടിയെടുക്കാം. ചെന്നൈയിലെ അതോറിറ്റിക്ക് മുമ്പാകെ ഇതുസംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ നല്‍കും.





