ബീജിങ്: ശരീഭാരം കുറക്കാന്‍ വേണ്ടി എന്ത് കഷ്ടപ്പാടുകളും സഹിക്കാന്‍ തയ്യാറാകുന്ന ധാരാളം പേരുണ്ട്. എന്നാല്‍ കൃത്യമായ നിര്‍ദേശമോ മേല്‍നോട്ടമോ ഇല്ലാതെ നടത്തുന്ന ഡയറ്റുകള്‍ പലപ്പോഴും ജീവന്‍വരെ അപകടത്തിലാക്കാറുണ്ട്. അത്തരമൊരു സംഭവമാണ് ചൈനയിലെ ഹുനാന്‍ പ്രവിശ്യയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്. 16 വയസ്സുള്ള മെയ് എന്ന പെൺകുട്ടിയുടെ തടി കുറക്കാനുള്ള ശ്രമം കൊണ്ടെത്തിച്ചത് മരണക്കിടക്കയിലാണ്.
രണ്ടാഴ്ച പച്ചക്കറികളും പോഷകങ്ങളും മാത്രം കഴിച്ച് ശരീരഭാരം കുറക്കാനായിരുന്നു പെണ്‍കുട്ടിയുടെ ശ്രമം. അതിനൊരു കാരണവുമുണ്ടായിരുന്നു. തന്‍റെ ജന്മദിനത്തിനായി പുതുതായി വാങ്ങിയ വസ്ത്രത്തില്‍ അതി സുന്ദരിയായിരിക്കണമെന്നായിരുന്നു അവളുടെ ആഗ്രഹം. എന്നാല്‍ ഇതിനായുള്ള ശ്രമത്തിനിടെ മരണത്തില്‍ നിന്നാണ് പെണ്‍കുട്ടി കഷ്ടിച്ച് രക്ഷപ്പെട്ടതെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
ആഴ്ചകളോളം നീണ്ടുനിന്ന കടുത്ത ഭക്ഷണക്രമീകരണത്തിന് ശേഷം മെയ് തളര്‍ന്ന് വീണു. കൈകാലുകള്‍ തളര്‍ന്ന് പോകുകയും കടുത്ത ശ്വാസതടസ്സം അനുഭവപ്പെടുകയും ചെയ്തു. ഗുരുതരാവസ്ഥയിലായതിനെത്തുടര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും 12 മണിക്കൂര്‍ ഐസിയുവില്‍ കിടത്തുകയും ചെയ്തു.
രണ്ടാഴ്ചയായി മെയ് കുറഞ്ഞ അളവിൽ പച്ചക്കറികളും പോഷകങ്ങളും മാത്രമാണ് കഴിച്ചിരുന്നു.ഇതിന് പിന്നാലെ രക്തത്തിലെ പൊട്ടാസ്യത്തിന്റെ അളവ് അപകടകരമാം വിധം താഴുകയും ഇത് ‘ഹൈപ്പോകലീമിയ’ എന്നറിയപ്പെടുന്ന ഗുരുതരമായ അവസ്ഥയിലേക്ക് നയിച്ചതായും മെഡിക്കൽ പരിശോധനയിൽ കണ്ടെത്തി.





