കൊച്ചി: വിവാദമായ ‘ജെഎസ്കെ– ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’യിൽ 2 മാറ്റങ്ങൾ വരുത്താമെങ്കിൽ അനുമതി നൽകാമെന്ന് സെൻസർ ബോർഡ്. ഇന്ന് ഹൈക്കോടതിയിലാണ് സെൻസർ ബോർഡ് ഇക്കാര്യമറിയിച്ചത്. ഉച്ചകഴിഞ്ഞ് കേസ് വീണ്ടും പരിഗണിക്കുമ്പോൾ അഭിപ്രായം അറിയിക്കാൻ ജസ്റ്റിസ് എൻ.നഗരേഷ് സിനിമയുടെ നിർമാതാക്കളോട് നിർദേശിച്ചു.
സിനിമയുടെ പേരിനൊപ്പമുള്ള ‘ജാനകി’ക്കു പകരം കഥാപാത്രത്തിന്റെ മുഴുവൻ പേരായ ജാനകി വിദ്യാധരന്റെ ഇനീഷ്യൽ കൂടി ചേർത്ത് സിനിമയുടെ പേര് ‘വി.ജാനകി’ എന്നോ ‘ജാനകി വി.’ എന്നോ ആക്കുകയാണ് ഒരു മാറ്റം. ചിത്രത്തിലെ കോടതി രംഗങ്ങളിലൊന്ന് കഥാപാത്രത്തിന്റെ പേര് ജാനകി എന്ന് പറയുന്നത് ‘മ്യൂട്ട്’ ചെയ്യുക എന്നതാണ് രണ്ടാമത്തെ മാറ്റം. നേരത്തെ 96 മാറ്റങ്ങളാണ് ചിത്രത്തില്‍ നിർദേശിച്ചിരുന്നതെന്നും എന്നാൽ 2 മാറ്റങ്ങൾ വരുത്തിയാൽ അനുമതി നൽകാമെന്നും സെൻസർ ബോർഡിനു വേണ്ടി ഹാജരായ അഭിനവ് ചന്ദ്രചൂഡ് വ്യക്തമാക്കി.
മത, ജാതി, വംശം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വിദ്വേഷപരമായ ഒന്നും സിനിമയിൽ ഉണ്ടാകരുതെന്ന മാർഗനിർദേശങ്ങൾ ലംഘിക്കപ്പെട്ടു എന്നു ചൂണ്ടിക്കാട്ടി സെൻസർ ബോർഡ് ചിത്രത്തിന് അനുമതി നിഷേധിച്ചിരുന്നു. കഥാപാത്രത്തിന്റെ പേരും ചിത്രത്തിൽ കഥാപാത്രത്തിന്റെ പേരും ഉപയോഗിച്ചിരിക്കുന്നതു മാറ്റുകയാണെങ്കിൽ അനുമതി നൽകാമെന്നുമായിരുന്നു സെൻസർ ബോർഡ് പറഞ്ഞത്. ഇതിനെതിരെ ചിത്രത്തിന്റെ നിർമാതാക്കൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
കേസ് പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് നഗരേഷ് കഴിഞ്ഞ ദിവസം ചിത്രം കണ്ടിരുന്നു. ഉച്ചകഴിഞ്ഞ് 1.45ന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ സെൻസർ ബോർഡ് നിർദേശിച്ച മാറ്റങ്ങൾ വരുത്താൻ തയാറാണോ എന്ന് നിർമാതാക്കൾ അറിയിക്കും. ജൂൺ 27ന് റിലീസ് ചെയ്യാനിരുന്ന സുരേഷ് ഗോപി – അനുപമ പരമേശ്വരൻ സിനിമയുടെ റിലീസ് ആണ് വിവാദങ്ങൾ മൂലം നീണ്ടു പോകുന്നത്.