കാബൂള്‍: കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ ഉണ്ടായ ഭൂകമ്പത്തില്‍ ഏകദേശം 622 പേര്‍ കൊല്ലപ്പെടുകയും 1,500 ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പരുക്കുകളോടെ കണ്ടെത്തിയവരെ ഹെലികോപ്റ്ററുകളില്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
റിക്ടര്‍ സ്‌കെയിലില്‍ 6 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 1,500 ലധികം പേര്‍ക്ക് പരിക്കേറ്റതായി അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. മരണസംഖ്യ 622 ആയി ഉയര്‍ന്നതായും മന്ത്രാലയം വ്യക്തമാക്കി. നേരത്തെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള റേഡിയോ ടെലിവിഷന്‍ അഫ്ഗാനിസ്ഥാന്‍ (ആര്‍ടിഎ) ഏകദേശം 500 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഭൂകമ്പത്തില്‍ കുനാര്‍ പ്രവിശ്യയില്‍ മൂന്ന് ഗ്രാമങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. മറ്റ് പല ഗ്രാമങ്ങളിലും കാര്യമായ നാശനഷ്ടമുണ്ടായതായി ആരോഗ്യ മന്ത്രാലയം പറഞ്ഞു.