പുണെ: മഹാരാഷ്ട്രയില്‍ കുറിയര്‍ ഡെലിവറിക്കെന്ന വ്യാജേന വീട്ടിലെത്തിയ ആള് യുവതിയെ ബലാത്സംഗം ചെയ്തു എന്ന കേസില്‍ വന്‍ വഴിത്തിരിവ്. പോലീസ് കസ്റ്റഡിയിലുള്ള പ്രതി, യുവതിയുടെ സുഹൃത്താണെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി എന്ന തരത്തില്‍ യുവതിയുടെ ഫോണിലുണ്ടായിരുന്ന സെല്‍ഫി യുവതി തന്നെ എടുത്തതാണെന്നും പോലീസ് വ്യക്തമാക്കി.
പുണെയിലെ കൊന്ദ്വ ഏരിയയില്‍ ബുധനാഴ്ച വൈകുന്നേരത്തോടെ ആയിരുന്നു കേസിനാസ്പദമായ സംഭവം. 22-കാരിയായ ഐ.ടി. ജീവനക്കാരിയാണ് തന്നെ ഒരാള്‍ ബലാത്സംഗത്തിന് ഇരയാക്കി എന്ന പരാതിയുമായി പോലീസിനെ സമീപിച്ചത്. കുറിയര്‍ നല്കാന് എന്ന വ്യാജേന ഫ്ലാറ്റിലെത്തിയ യുവാവ് ബലംപ്രയോഗിച്ച് വീട്ടിനുള്ളില്‍ കടന്ന് തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നു എന്നായിരുന്നു യുവതിയുടെ പരാതി.
സംഭവസമയത്ത് ഫ്ലാറ്റില്‍ യുവതി മാത്രമായിരുന്നു ഉണ്ടായിരുന്നത്. യുവതിക്ക് ബോധം വരുമ്പോഴേക്കും യുവാവ് കടന്നുകളഞ്ഞിരുന്നു. എന്നാല്‍ പിന്നീട് യുവതി ഫോണ്‍ പരിശോധിച്ചപ്പോഴാണ് യുവാവിന്റെ ഭീഷണി കണ്ടത്.
യുവതിയുടെ ശരീരത്തിന്റെ പിന്‍ഭാഗവും പ്രതിയുടെ മുഖത്തിന്റെ കുറച്ചുഭാഗവും കാണത്തക്കവിധം ഒരു ഫോട്ടോയും യുവതിയുടെ ഫോണില്‍ ഉണ്ടായിരുന്നു. ഒപ്പം ഒരു സന്ദേശവും, ‘ഞാന്‍ ഇനിയും വരും’. ഇത്തരത്തിലുള്ള ഫോട്ടോകള്‍ തന്റെ പക്കലുണ്ടെന്നും പോലീസിനെ സമീപിച്ചാല്‍ ആ ഫോട്ടോകള്‍ സാമൂഹികമാധ്യമത്തില്‍ പങ്കുവെക്കുമെന്നും യുവാവിന്റെ ഭീഷണിയുണ്ടായിരുന്നു.
ഇതോടെയാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്. വൈകാതെ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ചോദ്യംചെയ്തതില്‍ നിന്നും യുവതിയും പ്രതിയും സുഹൃത്തുക്കളാണെന്നും ‘ഭീഷണി ഫോട്ടോ’ യുവതി തന്നെയാണ് എടുത്തത് എന്നുമുള്ള ഞെട്ടിക്കുന്ന വിവരമാണ് ലഭിച്ചതെന്നും പോലീസ് പറയുന്നു.





