ഒഴിവായ വൻ ദുരന്തം; ടേക് ഓഫിന് പിന്നാലെ എയർ ഇന്ത്യ വിമാനം കുത്തനെ 900 അടി താഴേക്ക്; ദുരന്തമൊഴിഞ്ഞത് തലനാരിഴയ്ക്ക്

0
342
  • അഹമ്മദാബാദ് അപകടത്തിനു പിന്നാലെയാണ് മറ്റൊരു ദുരന്തം ആയി മാറേണ്ടിയിരുന്ന ഞെട്ടിക്കുന്ന സംഭവം നടന്നത്

ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടത്തിന് 38 മണിക്കൂറിന് ശേഷം മറ്റൊരു എയർ ഇന്ത്യ വിമാനവും അപകടത്തിന്റെ വക്കിലെത്തിയെന്ന് റിപ്പോർട്ടുകൾ. ഡൽഹിയിൽ നിന്ന് വിയന്നയിലേക്ക് പറന്ന എഐ 187 എന്ന ബോയിങ് 777 വിമാനമാണ് 900 അടി താഴ്ച്ചയിലേക്ക് പതിച്ചത്. ജൂൺ 14ന് പുലർച്ചെ ഡൽഹി വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഉടനെ വിമാനത്തിന് സ്റ്റാൾ വാണിങ് ലഭിക്കുകയായിരുന്നു, തുടർന്ന് 900 അടി താഴ്ച്ചയിലേക്ക് വിമാനം കൂപ്പുകുത്തി എന്നാണ് റിപ്പോർട്ടുകൾ. ഗ്രൗണ്ട് പ്രോക്സിമിറ്റി വാണിങ്ങും (വിമാനം ഗ്രൗണ്ടുമായി ഒരു പരിധിയിൽ കൂടുതൽ അടുത്ത് വരുമ്പോൾ പൈലറ്റുമാർക്ക് മുന്നറിയിപ്പ് നൽകുന്ന സംവിധാനം) ലഭിച്ചു എന്ന് ഡിജിസിഎ ഉദ്യഗസ്ഥർ പറയുന്നു.

ഒരു തവണ സ്റ്റാൾ വാണിങ്ങും രണ്ടു തവണ ഗ്രൗണ്ട് പ്രോക്സിമിറ്റി വാണിങ്ങും ലഭിച്ചെന്നും അപകട മുന്നറിയിപ്പ് ലഭിച്ചതോടെ പൈലറ്റുമാരുടെ സമയോചിതമായ ഇടപെടലിലൂടെ വിമാനം സുരക്ഷിതമാക്കി യാത്ര തുടർന്നെന്നുമാണ് റിപ്പോർട്ടുകൾ. ഡൽഹിയിൽ നിന്ന് പുറപ്പെട്ട് ഏകദേശം 9 മണിക്കൂര്‍ എട്ടുമിനിറ്റ് പറന്ന് വിയന്നയിൽ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു.

ബോയിങ് 777 വിമാനം പറന്നുയർന്ന രാത്രി ഡൽഹിയിലെ കാലാവസ്ഥ മോശമായിരുന്നെന്നും റിപ്പോർട്ടുകളുണ്ട്. മോശം കാലാവസ്ഥ മൂലം ടേക്ക് ഓഫിന് പിന്നാലെയുണ്ടായ കുലുക്കം മാത്രായിരുന്നു ഇതെന്നാണ് പൈലറ്റുമാരുടെ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നത്. ഇതില്‍ സ്റ്റിക് ഷേക്കര്‍ മുന്നറിയിപ്പിനെ കുറിച്ച് മാത്രം പരാമര്‍ശിക്കുകയും ഗ്രൗണ്ട് പ്രോക്സിമിറ്റി വാണിങ് ഒഴിവാക്കുകയും ചെയ്തു. പിന്നീട് ഫ്ലൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍ പരിശോധിച്ചതോടെയാണ് നടന്ന സംഭവത്തിന്‍റെ തീവ്രത വ്യക്തമായതും പൈലറ്റുമാരും സുരക്ഷാവിഭാഗവും വിവരം മറച്ചുവയ്ക്കാന്‍ ശ്രമിച്ചത് കണ്ടെത്തുകയും ചെയ്തത്.

ഇതിന് പിന്നാലെയാണ് പൈലറ്റുമാരെ ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കി നിര്‍ത്തിയതും സുരക്ഷാ വിഭാഗം തലവനെ ഡിജിസിഎ വിളിച്ചുവരുത്തിയതും. 270ലേറെപ്പേരുടെ ജീവന്‍ നഷ്ടമായ അഹമ്മദാബാദ് വിമാന ദുരന്തത്തിന് പിന്നാലെ ഡിജിസിഎ മുന്‍കൈയെടുത്ത് എയര്‍ ഇന്ത്യയുടെ വിമാനങ്ങളില്‍ സുരക്ഷാപരിശോധന ശക്തമാക്കുകയും ചട്ടങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ട്. എയര്‍ ഇന്ത്യയില്‍ മുന്‍പ് യാത്ര അത്ര സുഖകരമല്ലെന്നും സമയത്തിന് എത്തുന്നില്ലെന്നും പരാതിയുണ്ടായിരുന്നുവെങ്കിലും സുരക്ഷയില്‍ വിട്ടുവീഴ്ച ഉണ്ടായിരുന്നില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാലിന്ന് സൗകര്യങ്ങള്‍ മെച്ചപ്പെട്ടുവെങ്കിലും സുരക്ഷയില്‍ വലിയ പാളിച്ച സംഭവിക്കുന്നുവെന്നും വിലയിരുത്തലുകളുണ്ട്.