തകർത്തത് തെക്കൻ ഇസ്റാഈലിലെ ഏറ്റവും വലിയ ആശുപത്രി

0
140

ടെൽ അവീവ്/ടെഹ്‌റാൻ: പശ്ചിമേഷ്യയിലെ സായുധസംഘർഷത്തിൽ അമേരിക്ക നേരിട്ടുപങ്കാളിയാകുമെന്ന ആശങ്ക നിലനിൽക്കേ, പരസ്പരം ആക്രമണം കടുപ്പിച്ച് ഇസ്രയേലും ഇറാനും. വ്യാഴാഴ്ച രാവിലെ ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ ബീർബെഷയിലെ സൊറോക മെഡിക്കൽ സെന്റർ തകർന്നു. തെക്കൻ ഇസ്രയേലിലെ ഏറ്റവുംവലിയ ആശുപത്രിയാണിത്.

ആക്രമണത്തിൽ 32 പേർക്ക് പരിക്കേറ്റു. പിന്നാലെ, ഇറാന്റെ പരമോന്നതനേതാവ് അയത്തൊള്ള അലി ഖമീനിയെ ജീവനോടെ വിടില്ലെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്‌സ് മുന്നറിയിപ്പുനൽകി. ഇസ്രയേലിന്റെ സൈനിക ഇന്റലിജൻസ് വിഭാഗം പ്രവർത്തിക്കുന്നത് ആശുപത്രിയുടെ സമീപത്താണെന്ന് ഇറാൻ അവകാശപ്പെട്ടു. വ്യാഴാഴ്ചത്തെ ഇസ്രയേൽ ആക്രമണത്തിൽ ഇറാന്റെ അരാക്കിലുള്ള ഖോണ്ഡബ് ആണവനിലയത്തിലെ ഘനജല റിയാക്ടർ തകർന്നു.

അതിനിടെ, ഇറാനെ ആക്രമിക്കാനുള്ള പദ്ധതിക്ക് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അംഗീകാരം നൽകിയെന്നും ഇറാന് ആണവപദ്ധതി ഉപേക്ഷിക്കാനുള്ള അവസരമെന്നനിലയ്ക്കാണ് അന്തിമതീരുമാനം വൈകിപ്പിക്കുന്നതെന്നും യുഎസ് മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. ഇസ്‍ലാമിക് റിപ്പബ്ലിക്കിനെതിരേ സൈനിക ഇടപെടൽ നടത്തിയാൽ അമേരിക്കയിലെ ‘ക്രിമിനൽ ഭരണകൂടവും’ അതിന്റെ ‘വിഡ്ഢി’യായ പ്രസിഡന്റും വിവരമറിയുമെന്ന് ഇറാന്റെ ഗാർഡിയൻ കൗൺസിൽ മുന്നറിയിപ്പുനൽകി.