നിലമ്പൂരിലേക്ക് ക്ഷണിച്ചിരുന്നെങ്കിൽ പോവുമായിരുന്നു; കോൺഗ്രസ് വിട്ട് എവിടേക്കും പോകുന്നില്ല- തരൂർ

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് തന്നെ ക്ഷണിക്കാത്തതില്‍ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ക്ഷണിച്ചിട്ടില്ല എന്നത് സത്യംതന്നെയാണ്. ഞാന്‍ കേരളത്തിന് പുറത്തായിരുന്നു. തിരിച്ച് കേരളത്തില്‍ എത്തിയപ്പോഴും മറ്റു സന്ദേശങ്ങളൊന്നും ലഭിച്ചില്ല. നിലമ്പൂരില്‍ വരാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കില്‍ ഉറപ്പായും പോവുമായിരുന്നെന്നും തരൂര്‍ പറഞ്ഞു.

നിലമ്പൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മികച്ച സ്ഥാനാര്‍ത്ഥിയാണ് നിലമ്പൂരില്‍ യുഡിഎഫിനുള്ളത്. മണ്ഡലത്തില്‍ കോണ്‍ഗ്രസ് ജയിക്കണമെന്ന് തന്നെയാണ് ആഗ്രഹം. ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് തനിക്ക് പ്രത്യേകിച്ച് ക്ഷണമുണ്ടായിരുന്നില്ല. ക്ഷണം വേണമെന്നില്ല. പക്ഷേ, പരിപാടി സംഘടിപ്പിക്കുമ്പോള്‍ സംഘാടകര്‍ അറിയിക്കുമല്ലോ. നിലമ്പൂരില്‍ തന്നെ ആവശ്യപ്പെട്ടിരുന്നുവെങ്കില്‍ ഉറപ്പായും പോവുമായിരുന്നു. തന്റെ ആവശ്യം അവിടെയുണ്ടായിരുന്നില്ലെന്നാണ് തനിക്ക് തോന്നുന്നതെന്നും തരൂര്‍ പറഞ്ഞു.

കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തോട് പലപ്പോഴും അഭിപ്രായവ്യത്യാസമുണ്ടായിട്ടുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം. പക്ഷേ, പാര്‍ട്ടിയോടും പാര്‍ട്ടി പ്രവര്‍ത്തകരോടുമെല്ലാം സൗഹൃദപരമായാണ് മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബിജിപിയിലേക്ക് പോകുന്നു എന്ന അഭ്യൂഹം അദ്ദേഹം തള്ളി. താന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഒരംഗമാണ്. എവിടേക്കും പോകുന്നില്ല. ഒരു ചുമതല ഏറ്റെടുത്താല്‍ അതില്‍ ആത്മവിശ്വാസത്തോടെയും ഉത്തരവാദിത്വത്തോടെയും പ്രവര്‍ത്തിക്കണം. തന്റെ ലൈന്‍ മാറിയിട്ടില്ല. പ്രധാനമന്ത്രിയോട് സംസാരിച്ചത് ഔദ്യോഗിക കാര്യങ്ങള്‍ മാത്രമാണ്. ആഭ്യന്തര രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ചയായില്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.