‘പിണറായി വിജയന്‍ ലെജന്‍ഡ്’: സ്വാഗത പ്രസംഗത്തിൽ അസ്വസ്ഥനായി മുഖ്യമന്ത്രി; ‘ഇനി സംസാരിച്ചാൽ ദേഷ്യം വരും’

0
170

തിരുവനന്തപുരം: ‘മുഖ്യമന്ത്രി കേരളത്തിന്റെ വരദാനം’, ‘പിണറായി വിജയന്‍ ലെജന്‍ഡ്’ – ടാഗോള്‍ തിയറ്ററില്‍ സംഘടിപ്പിച്ച പി.എന്‍. പണിക്കര്‍ അനുസ്മരണ വായനാദിന ചടങ്ങില്‍ തന്നെ വാനോളം പുകഴ്ത്തിയുള്ള സ്വാഗത പ്രസംഗത്തില്‍ അസ്വസ്ഥനായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ ശരീരഭാഷയില്‍നിന്ന് ഇതു തിരിച്ചറിഞ്ഞ സംഘാടകര്‍ പ്രസംഗം പരിമിതപ്പെടുത്താന്‍ സ്വാഗതപ്രാസംഗികനായ എന്‍.ബാലഗോപാലിന് പേപ്പറില്‍ എഴുതി നിര്‍ദേശം നല്‍കി.

ഇതോടെ കൂടുതല്‍ സംസാരിച്ചാല്‍ മുഖ്യമന്ത്രിക്ക് ദേഷ്യം വരുമെന്നും അദ്ദേഹത്തെ തനിക്ക് പേടിയാണെന്നും പറഞ്ഞ് ബാലഗോപാല്‍ പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് സീറ്റിലേക്കു മടങ്ങിയ ബാലഗോപാലിനോട് ‘മൂന്നു മിനിറ്റാണല്ലോ പ്രസംഗിച്ചത്’ എന്ന്ചിരിച്ചു കൊണ്ടാണ് മുഖ്യമന്ത്രി പറഞ്ഞത്.

പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാനാണ് എന്‍.ബാലഗോപാല്‍. കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനങ്ങള്‍ ലോകത്തിനു തന്നെ മാതൃകയാണെന്നും രാജ്യത്തിനാകെ വഴി കാട്ടിയവരാണ് കേരളമെന്നും മുഖ്യമന്ത്രി പ്രസംഗത്തില്‍ പറഞ്ഞു.