“അച്ഛൻ ഇല്ലാത്ത ആദ്യ തെരെഞ്ഞെടുപ്പ്” “Miss you Acha”; വി വി പ്രകാശിന്റെ ചിത്രം പങ്കുവെച്ച് മകള്‍ നന്ദന പ്രകാശ്

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പുരോഗമിക്കവെ അന്തരിച്ച കോണ്‍ഗ്രസ് നേതാവ് വി വി പ്രകാശിന്റെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ച് മകള്‍ നന്ദന പ്രകാശ്. അച്ഛന്‍ ഇല്ലാത്ത ആദ്യ തിരഞ്ഞെടുപ്പാണിതെന്ന് നന്ദന കുറിച്ചു.

‘അച്ഛന്‍ ഇല്ലാത്ത ആദ്യ തിരഞ്ഞെടുപ്പ്…Miss you Acha’, എന്നാണ് നന്ദന കുറിച്ചത്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്തിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിനെ പിന്നാലെ നന്ദന ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പും ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ‘ജീവിച്ചു മരിച്ച അച്ഛനേക്കാള്‍ ശക്തിയുണ്ട് മരിച്ചിട്ടും എന്റെ മനസ്സില്‍ ജീവിക്കുന്ന അച്ഛന്’ എന്നായിരുന്നു നന്ദന അന്ന് ഫേസ്ബുക്കില്‍ കുറിച്ചത്.

‘അച്ഛന്റെ ഓര്‍മ്മകള്‍ക് മരണമില്ല ..!ജീവിച്ചു മരിച്ച അച്ചനെക്കാള്‍ ശക്തിയുണ്ട് മരിച്ചിട്ടും എന്റെ മനസ്സില്‍ ജീവിക്കുന്ന അച്ചന്.ശരീരം വിട്ടുപിരിഞ്ഞെങ്കിലുംഅഛ്ചന്റെ പച്ച പിടിച്ച ഓര്‍മ്മകള്‍ഓരോ നിലമ്പൂര്‍ക്കാരുടേയും മനസില്‍ എരിയുന്നുണ്ട്.’അതൊരിക്കലും കെടാത്ത തീയായി പടര്‍ന്നുകൊണ്ടിരിക്കും.”ആ ഓര്‍മ്മകള്‍ മാത്രം മതി എന്റെ അച്ഛന് മരണമില്ലെന്ന് തെളിയിക്കാന്‍.’ എന്നായിരുന്നു നേരത്തെ നന്ദന പ്രകാശിന്റെ ഫേസ്ബുക്കിൽ കുറിച്ചത്.

നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് വി വി പ്രകാശിന്റെ വീട് സന്ദര്‍ശിക്കാത്തത് പ്രചാരണത്തിലുടനീളം എല്‍ഡിഎഫ് ആയുധമാക്കിയിരുന്നു. എന്നാല്‍ ഷൗക്കത്ത് എന്തിനാണ് പ്രകാശിന്റെ വീട് സന്ദര്‍ശിക്കുന്നതെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ചോദിച്ചത്. അതേസമയം കഴിഞ്ഞദിവസം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് വി വി പ്രകാശിന്റെ വീട്ടിലെത്തിയിരുന്നു. തന്റെ സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ലെന്നും സൗഹൃദം പുതുക്കാനായി പോയതെന്നുമായിരുന്നു സ്വരാജ് പ്രതികരിച്ചത്. നിലമ്പൂരിലെ സ്വതന്ത്രസ്ഥാനാര്‍ത്ഥി പി വി അന്‍വറും പ്രകാശിന്റെ വീട് സന്ദര്‍ശിച്ചിരുന്നു.

സ്വരാജിന്റെ സന്ദര്‍ശനത്തെക്കുറിച്ച് അറിയില്ലെന്നും പരമാവധി ആളുകളെ കാണാനാണ് താന്‍ ശ്രമിക്കുന്നതെന്ന് ആര്യാടന്‍ ഷൗക്കത്തും പ്രതികരിച്ചിരുന്നു. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ നിന്നും മത്സരിച്ച വി വി പ്രകാശ് പരാജയപ്പെടുകയായിരുന്നു. പരാജയത്തിന് പിന്നില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരാണെന്നും പിന്നില്‍ ആര്യാടന്‍ ഷൗക്കത്താണെന്നും ആരോപണം ഉയര്‍ന്നിരുന്നു.