ഇസ്റാഈലിലെ സൊറോക്ക ആശുപത്രി തകർത്ത് ഇറാന്‍റെ മിസൈലാക്രമണം; കുറ്റകരമായ പ്രവൃത്തിയെന്ന് ഇസ്റാഈൽ

0
103

ടെഹ്‌റാന്‍/ടെല്‍ അവീവ്: ഇറാന്‍ ഇസ്റാഈൽ സംഘര്‍ഷം ഒരാഴ്ച പിന്നിടുമ്പോഴും അയവില്ലാതെ തുടരുന്നു. ഇസ്റാഈലിലെ ബീര്‍ഷെബയിലെ സൊറോക്ക ആശുപത്രി ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ തകര്‍ത്തെന്ന് ഇസ്റാഈൽ പ്രതിരോധ സേന (ഐഡിഎഫ്) വ്യക്തമാക്കി. സംഭവത്തിൽ മുപ്പതോളം പേര്‍ക്ക് പരിക്കുണ്ട്. നാലുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

ദക്ഷിണ ഇസ്റാഈലിലെ ഏറ്റവും വലിയ ആശുപത്രിയാണ് തകർക്കപ്പെട്ട ബീര്‍ഷെബയിലെ സൊറോക്ക ആശുപത്രി. തകര്‍ന്ന ആശുപത്രിയുടെ ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മറുവശത്ത് ഇറാന്റെ അരാക്കിലെ ഘനജല ആണവ റിയാക്ടര്‍ ഇസ്റാഈലും തകര്‍ത്തിട്ടുണ്ട്.

സൊറോക്ക ആശുപത്രിക്കുനേരെ വ്യാഴാഴ്ച രാവിലെയാണ് ആക്രമണമുണ്ടായത്. ആശുപത്രിക്ക് കനത്ത കേടുപാടും വ്യാപക നാശനഷ്ടങ്ങളും സംഭവിച്ചതായി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണ്. വ്യാഴാഴ്ച മാത്രം ഏതാണ്ട് ഇരുപതോളം മിസൈലുകള്‍ ഇസ്രയേല്‍ ലക്ഷ്യമാക്കി വന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് ഇസ്റാഈലിന്റെ പലഭാഗങ്ങളിലും സൈറണുകള്‍ മുഴങ്ങി.

സൊറോക്കോ ആശുപത്രിയിലക്ക് ചികിത്സയ്ക്കായി തത്കാലം ആരും വരരുതെന്ന് നിര്‍ദേശമുണ്ട്. വ്യാഴാഴ്ച രാവിലെ ജെറുസലേമിലും ടെല്‍ അവീവിലും ഉഗ്രശബ്ദത്തോടെയുള്ള സ്‌ഫോടനം കേട്ടതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു.

ആശുപത്രിക്കുനേരെയുള്ള ആക്രമണത്തില്‍ ഇസ്റാഈൽ ശക്തമായ പ്രതിഷേധമറിയിച്ചു. ആസൂത്രിതവും കുറ്റകരവുമായ പ്രവൃത്തിയാണിതെന്ന് ഇസ്രയേല്‍ വിദേശകാര്യമന്ത്രി പറഞ്ഞു. ആക്രമിക്കപ്പെട്ട സ്ഥലം ഒരാശുപത്രിയാണ്, സൈനിക താവളമല്ല. മേഖലയിലെ പ്രധാന മെഡിക്കല്‍ കേന്ദ്രമാണിത്. ഇതിനെതിരേ ലോകം ശബ്ദമുയര്‍ത്തണമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, ഇസ്റാഈല്‍ സൈന്യത്തിന്റെ ഇന്റലിജന്‍സ് ഹബ്ബായിരുന്നു (ഐഡിഎഫ് സി41) തങ്ങള്‍ ലക്ഷ്യമിട്ടതെന്നാണ് ഇറാന്‍ പറയുന്നത്. ഇത് സൊറോക്കോ ആശുപത്രിക്ക് സമീപമാണ് സ്ഥിതിചെയ്യുന്നത്.