നിലമ്പൂർ: പോളിങ് ബൂത്ത് സന്ദർശനങ്ങൾക്കിടെ തമ്മിൽ കണ്ട സ്ഥാനാർഥികളുടെ പ്രതികരണം വോട്ടെടുപ്പ് ദിനത്തിലെ കൗതുകമായി. വീട്ടികുത്ത് ജിഎൽപിഎസിൽ ബൂത്ത് സന്ദർശനത്തിനിടെയാണ് യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തും എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജും തമ്മിൽ കണ്ടത്. ചാനൽ ക്യാമറകൾക്ക് മുന്നിൽ ഇരുവരും പരസ്പരം ആശ്ലേഷിച്ചും ആശംസ അറിയിച്ചുമാണ് പിരിഞ്ഞത്.
അതേസമയം, മാനവേദൻ സ്കൂളിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിനെ കണ്ട സ്വതന്ത്ര സ്ഥാനാർഥി പി.വി.അൻവർ അദ്ദേഹത്തോട് കെട്ടിപ്പിടിക്കരുതെന്ന് പറഞ്ഞു. കെട്ടിപ്പിടിക്കരുതെന്ന് പറഞ്ഞ് കൈ മാത്രം കൊടുക്കുകയായിരുന്നു. മറ്റു കുശലാന്വേഷണത്തിനു ഇരുവരും മുതിർന്നില്ല. കെട്ടിപ്പിടിക്കരുതെന്ന് അൻവർ പറഞ്ഞതോടെ ഷൗക്കത്ത് അൻവറിന് കൈകൊടുത്ത് പിരിഞ്ഞു.
ധൃതരാഷ്ട്രാലിംഗനത്തിന്റെ ആളാണ് ഷൗക്കത്തെന്ന് പിന്നീട് പ്രതികരിച്ച അൻവർ അഭിനേതാക്കളുടെ കെട്ടിപ്പിടിത്തമാണ് സ്വരാജും ഷൗക്കത്തും തമ്മിലുണ്ടായതെന്നും പറഞ്ഞു. ‘‘എനിക്ക് അഭിനയിക്കാനറിയില്ല. പച്ചമനുഷ്യർക്കൊപ്പം നിൽക്കുന്നയാളാണ്. സ്ഥാനാർഥികൾ തമ്മിൽ സൗഹൃദമുണ്ടാകണം, എന്നാൽ ആത്മാർഥമായിരിക്കണം, പിന്നിൽ കൂടി പാരവയ്ക്കരുത്.’’ – അൻവർ പറഞ്ഞു.
..