ഇൻഫ്ലുവൻസറെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി; സ്വകാര്യ ഭാഗങ്ങളിൽ അസാധാരണ മുറിവുകളെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

0
130

പഞ്ചാബില്‍ കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സോഷ്യല്‍മീഡിയ ഇൻഫ്ലുവന്‍സറുടെ ശരീരത്തില്‍ അസാധാരണ മുറിവുകള്‍ കണ്ടെത്തിയതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കാഞ്ചൻ കുമാരി എന്ന കമൽ കൗർ ഭാഭി (27)യാണ് കൊല്ലപ്പെട്ടത്. കഴുത്തിലും തുടകളിലും സ്വകാര്യ ഭാഗങ്ങളിലുമാണ് സംശയാസ്പദമായ അടയാളങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയത്. എന്നാല്‍ ലൈംഗികാതിക്രമത്തെക്കുറിച്ച് നിർണായകമായ തെളിവുകളൊന്നും റിപ്പോർട്ട് നൽകുന്നില്ല.

ഈ മാസം 11-ാം തീയതി ഭട്ടിന്‍ഡയിലെ ആദേഷ് സര്‍വകലാശാലയ്ക്കരികില്‍ പാർക്ക് ചെയ്ത നിലയില്‍ കണ്ടെത്തിയ കാറിലാണ് കഞ്ചന്‍ കുമാരിയുടെ മൃതദേഹം കണ്ടെത്തിയത്. കാറില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ ജൂണ്‍ 13-ന് പോലീസ് അറസ്റ്റുചെയ്തിരുന്നെങ്കിലും കേസിലെ മുഖ്യപ്രതി നിഹാങ് അമൃത്പാൽ സിങ് മെഹ്‌റോൺ സംഭവത്തിന് മണിക്കൂറുകൾക്കുള്ളില്‍  യുഎഇയിലേക്ക് രക്ഷപ്പെട്ടിരുന്നു.

ജൂണ്‍ 12-ന് ഭട്ടിന്‍ഡയിലെ സിവില്‍ ഹോസ്പിറ്റലിലാണ് യുവതിയുടെ പോസ്റ്റുമോര്‍ട്ടം നടന്നത്. സര്‍ക്കാര്‍ പ്രത്യേകം നിയോഗിച്ച മൂന്ന് ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘമാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. കഴുത്ത് ഞെരിഞ്ഞ് ശ്വാസംമുട്ടിയാണ് കഞ്ചന്‍ കൊല്ലപ്പെട്ടിരിക്കുന്നത് എന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ പ്രധാനവിവരം. വിശദമായ പരിശോധനയ്ക്കായി യുവതിയുടെ ആന്തരികാവയവങ്ങളും സ്വകാര്യഭാഗങ്ങളിലെ സ്രവങ്ങളും ഫോറന്‍സിക് ലബോറട്ടറിയിലേക്ക് അയച്ചതായി പോലീസ് അറിയിച്ചു. തുടര്‍ഫലംകൂടി വന്നശേഷമേ, കൊലചെയ്യപ്പെടുന്നതിന് മുമ്പ് കഞ്ചന്‍ ബലാത്സംഗം ചെയ്യപ്പെട്ടോ എന്നതില്‍ വ്യക്തതവരുത്താനാകൂ എന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. തീവ്രസ്വഭാവമുള്ള ഒരു സിഖ് സംഘടനയുടെ നേതാവാണ് പ്രധാന പ്രതിയായ നിഹാംഗ് അമൃത്പാല്‍ സിങ് മെഹ്‌റോണ്‍. 

ജൂൺ ആദ്യവാരം ഭട്ടിന്‍ഡയിലെ ഒരു കാർ പ്രൊമോഷൻ പരിപാടിയുടെ പേരിൽ തീവ്ര സിഖ് നേതാവായ മുഖ്യപ്രതി മെഹ്‌റോൺ, കൗറിനെ സമീപിച്ചതായി  പൊലീസിന്‍റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. ജൂൺ 9 ന് ലുധിയാനയിലെ തന്‍റെ വസതിയിൽ നിന്ന് പരിപാടിക്കായി അവർ പുറപ്പെട്ടെങ്കിലും പിന്നീട് കാണാതാവുകയായിരുന്നു. രണ്ടുദിവസത്തിന് ശേഷമാണ് ഇവരുടെ മൃതദേഹം ലഭിച്ചത്. ഇൻസ്റ്റാഗ്രാമിൽ 384,000 ഫോളോവേഴ്‌സും യൂട്യൂബിൽ 2,36,000 സബ്‌സ്‌ക്രൈബർമാരുമുള്ള ഇന്‍ഫ്ലുവന്‍സറാണ് കമൽ കൗർ.

മോശമായ വസ്ത്രധാരണം നടത്തി സദാചാരവിരുദ്ധ വിഡിയോകള്‍ പങ്കുവെച്ചിരുന്നത് കൊണ്ടാണ് കഞ്ചനെ കൊലപ്പെടുത്തിയത് എന്ന് കൊലപാതകത്തിന് ദിവസങ്ങള്‍ക്ക് ശേഷം അമൃത്പാല്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വിഡിയോയില്‍ പറഞ്ഞിരുന്നു.  ഇത്തരത്തിലുള്ള വീഡിയോകള്‍ ഇടുന്ന എല്ലാ ഇൻഫ്ലുവന്‍സര്‍മാരുടെയും ഗതി ഇതുതന്നെയായിരിക്കും എന്ന ഭീഷണിയും വീഡിയോയില്‍ ഉണ്ടായിരുന്നു. ഇയാളെ യു.എ.ഇയില്‍ നിന്ന് തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.