‘നെതന്യാഹു ലോക ഗുണ്ട, നെതന്യാഹുവിൻ്റെ അമ്മാവനാണ് ഡോണള്‍ഡ് ട്രംപ്, ഇരുവർക്കും യുദ്ധം ബിസിനസ്’; എം എ ബേബി

0
61

ന്യൂഡല്‍ഹി: ഇസ്റാലിനും അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനുമെതിരെ വിമര്‍ശനവുമായി സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. ‘ഇസ്രയേല്‍ ലോകത്തിലെ ഏറ്റവും വലിയ ഭീകരവാദ രാഷ്ട്രമാണ്. ഇസ്രയേല്‍ പ്രധാന മന്ത്രി നെതന്യാഹു ലോക ഗുണ്ടയും. ഡോണാള്‍ഡ് ട്രംപ് നെതന്യാഹുവിന്റെ അമ്മാവനാണ്. ഇരുവരും യുദ്ധത്തെ ബിസിനസിനായാണ് കൊണ്ടു നടക്കുന്നത്’ എം എ ബേബി പറഞ്ഞു.

ഇസ്റാഈലിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. ഇസ്റാഈൽ പണ്ടേ തെമ്മാടി രാഷ്ട്രം എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഇറാനെതിരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തെപ്പറ്റി മാധ്യമങ്ങള്‍ ചോദിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. സാമാന്യമായ ഒരു മര്യാദയും പാലിക്കേണ്ടതില്ലെന്ന് അംഗീകരിച്ച് പോരുന്ന രാഷ്ട്രമാണ് ഇസ്രയേല്‍ എന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

അമേരിക്കയുടെ പിന്തുണയുണ്ടെന്ന ധിക്കാര സമീപനമാണ് ഇസ്രയേലിനെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇറാനെതിരെ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തെ ന്യായീകരിക്കാന്‍ സാധിക്കില്ല. അത് ലോക സമാധാനത്തിന് അങ്ങേയറ്റം ഭീഷണിയാണ്. സമാധാനകാംക്ഷിയായ എല്ലാവരും ആക്രമണത്തെ എതിര്‍ക്കാനും അപലപിക്കാനും തയ്യാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.