ചുമതലയേറ്റിട്ട് 4 ദിവസം; ഇറാന്റെ പുതിയ സൈനിക കമാൻഡറെയും വധിച്ചതായി ഇസ്റാഈൽ

ടെഹ്‌റാന്‍: നാലുദിവസം മുന്‍പ് നിയമിതനായ ഇറാന്റെ പുതിയ സൈനിക കമാൻഡറെയും വധിച്ചതായി ഇസ്രയേല്‍. ഇറാന്‍ മിലിട്ടറി എമര്‍ജന്‍സി കമാന്‍ഡിന്റെ മേധാവിയായ മേജര്‍ ജനറല്‍ അലി ഷാദെമാനിയാണ് കഴിഞ്ഞദിവസത്തെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്ന് ഇസ്രയേല്‍ പ്രതിരോധസേന(ഐഡിഎഫ്) അവകാശപ്പെട്ടു.

ഇസ്രയേല്‍ കഴിഞ്ഞ വെള്ളിയാഴ്ച നടത്തിയ ആക്രമണത്തില്‍ അലി ഷാദെമാനിയുടെ മുന്‍ഗാമിയായ മേജര്‍ ജനറല്‍ ഗൊലാം അലി റാഷിദിനെ വധിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ‘ഖതം അല്‍-അന്‍ബിയ സെന്‍ട്രല്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സ്(ഇറാന്‍ മിലിട്ടറി എമര്‍ജന്‍സി കമാന്‍ഡ്)’ മേധാവിയായി മേജര്‍ ജനറല്‍ അലി ഷാദെമാനിയെ ഇറാന്റെ പരമോന്നത നേതാവായ ആയത്തുള്ള അലി ഖമീനി നിയമിച്ചത്. എന്നാല്‍, ചുമതലയേറ്റെടുത്ത് ദിവസങ്ങള്‍ക്കുള്ളില്‍ അദ്ദേഹത്തെയും വധിച്ചതായാണ് ഇസ്രയേല്‍ പ്രതിരോധസേന ചൊവ്വാഴ്ച അവകാശപ്പെട്ടത്.

ഇറാന്റെ മുതിര്‍ന്ന സൈനിക കമാന്‍ഡറും പരമോന്നതനേതാവ് ആയത്തുള്ള അലി ഖമീനിയുടെ ഏറ്റവും അടുത്ത സൈനിക ഉപദേഷ്ടാവുമാണ് അലി ഷാദെമാനി. ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡിന്റെ മേധാവിയായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് ഇറാന്റെ ‘വാര്‍ ടൈം ചീഫ് ഓഫ് സ്റ്റാഫ്’ ആയി ചുമതലയേറ്റെടുത്ത അലി ഷാദെമാനിയാണ് ഇറാന്റെ ആക്രമണപദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയിരുന്നതെന്നും യുദ്ധപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നതെന്നും ഐഡിഎഫ് പറഞ്ഞു. ഇസ്രയേലിനെതിരേ ആക്രമണം നടത്തുന്നതില്‍ അലി ഷാദെമാനി പ്രധാന പങ്കുവഹിച്ചിരുന്നതായും ഐഡിഎഫ് ആരോപിച്ചു.