അന്തരിച്ച കോൺഗ്രസ് നേതാവ് വി.വി പ്രകാശിന്റെ വീട് സന്ദർശിച്ച് എം.സ്വരാജ്

എടക്കര: അന്തരിച്ച കോൺഗ്രസ് നേതാവ് വി.വി പ്രകാശന്റെ വീട് സന്ദർശിച്ച് എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജ്. സൗഹൃദ സന്ദർശനം മാത്രമാണെന്നും രാഷ്ട്രീയ ആശയക്കുഴപ്പമുണ്ടാക്കാൻ വേണ്ടിയുള്ള സന്ദർശനമല്ലെന്നും സ്വരാജ് മാധ്യമങ്ങളോട് പറഞ്ഞു.

യുഡിഎഫ് സ്ഥാനാർഥി സന്ദർശിക്കാത്ത കാര്യം തനിക്കറിയില്ലെന്നും താൻ കുടുംബത്തോട് ആ കാര്യം സംസാരിച്ചിട്ടില്ലെന്നും സ്വരാജ് പറഞ്ഞു. പൊതു പ്രവർത്തന രംഗത്ത് പ്രത്യേക ശൈലിയുള്ള ആളായിരുന്നു പ്രകാശെന്നും വർഷങ്ങൾക്കു മുമ്പുള്ള ബന്ധമാണ് കുടുംബവുമായെന്നും അദ്ദേഹം വ്യക്തമാക്കി.

ഇറ്റലിയിൽ ജനിച്ചവർ ഇന്ത്യയിൽ മത്സരിച്ചത് ആരും ചോദ്യം ചെയ്തിട്ടില്ലെന്നും ചോദ്യം ചെയ്യുന്നത് ശരിയല്ലെന്നും പ്രാദേശികവാദ പ്രചരണത്തിൽ മറുപടിയായി എം.സ്വരാജ് പറഞ്ഞു. വയനാട് എംപി ഏത് നാട്ടുകാരിയാണെന്ന് നമ്മൾ ചോദിച്ചിട്ടില്ലെന്നും തന്റെ ജീവിതത്തിൽ ഒരു ദശാബ്ദക്കാലം ജീവിച്ചത് പോത്തുകല്ലിലാണെന്നും സ്വരാജ് വ്യക്തമാക്കി.