‘ഞാൻ ഇന്ത്യയ്ക്കും പാകിസ്താനുമായി ഉണ്ടാക്കിയതുപോലെ ഇറാനും ഇസ്റാഈലും തമ്മിൽ ഡീൽ ഉണ്ടാക്കും’: യുദ്ധം ശക്തമാകുന്നതുതിനിടയിൽ ട്രംപ് 

0
235

വാഷിങ്ടൺ: താൻ ഇന്ത്യ-പാകിസ്താൻ വെടിനിർത്തൽ ധാരണ ഉണ്ടാക്കിയതുപോലെ ഇറാനും ഇസ്രയേലും തമ്മിലും അത്തരമൊരു ഡീൽ ഉണ്ടാക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇരുരാജ്യങ്ങൾക്കിടയിൽ ഉടൻ സമാധാനം പുലരുമെന്നും നിരവധി ഫോൺ വിളികളും കൂടിക്കാഴ്ചകളും നടക്കുന്നതായും ട്രംപ് സാമൂഹിക മാധ്യമമായ ട്രൂത്തിൽ കുറിച്ചു. ഇരുരാജ്യങ്ങളുടെയും ആക്രമണപ്രത്യാക്രമണങ്ങൾ കൊണ്ട് പശ്ചിമേഷ്യ പുകയുന്ന പശ്ചാത്തലത്തിലാണ് ട്രംപിന്റെ പ്രതികരണം.

അതേസമയം ഇന്ത്യയും പാകിസ്താനും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ സാധ്യമാക്കാന്‍ വ്യാപാരക്കരാര്‍ വാഗ്ദാനം ചെയ്തിരുന്നു എന്ന ട്രംപിന്റെ അവകാശവാദം ഇന്ത്യ നേരത്തേ തള്ളിക്കളഞ്ഞിരുന്നു. വെടിനിര്‍ത്തണമെന്ന ആവശ്യം പാകിസ്താനാണ് ഉന്നയിച്ചതെന്നും അതനുസരിച്ചാണ് ചര്‍ച്ചകള്‍ നടന്നതെന്നും ഇന്ത്യ വിശദീകരിച്ചു

ഇറാനും ഇസ്റാഈലും ഒരു ഡീൽ ഉണ്ടാക്കേണ്ടതുണ്ട്. ഞാൻ ഇന്ത്യയ്ക്കും പാകിസ്താനുമായി ഉണ്ടാക്കിയതുപോലെ അത് ഉണ്ടാകും. അന്ന് യുഎസ്സുമായുള്ള വ്യാപാരമായിരുന്നു അതിന് കാരണം.- ഡൊണാൾഡ് ട്രംപ് സാമൂഹിക മാധ്യമമായ ട്രൂത്തിൽ കുറിച്ചു.

എന്റെ ആദ്യ ഭരണകാലത്ത്, സെർബിയയും കൊസോവോയും പതിറ്റാണ്ടുകളായി തുടരുന്നതുപോലെ തീവ്രമായ സംഘർഷത്തിലായിരുന്നു, ഈ നീണ്ടുനിന്ന പോരാട്ടം യുദ്ധത്തിലേക്ക് പൊട്ടിപ്പുറപ്പെടാൻ തയ്യാറെടുക്കുകയായിരുന്നു. ഞാൻ അത് തടഞ്ഞു. ബൈഡൻ മണ്ടൻ തീരുമാനങ്ങളാൽ അത് ഇല്ലാതാക്കിയെന്നും എന്നാൽ അത് വീണ്ടും ശരിയാക്കുമെന്നും ട്രംപ് കുറിച്ചു.

മറ്റൊരു ഉദാഹരണം ഈജിപ്തും എത്യോപ്യയുമാണ്. മഹത്തായ നൈൽ നദിയിൽ സ്വാധീനം ചെലുത്തുന്ന ഒരു വലിയ അണക്കെട്ടിനെച്ചൊല്ലിയുള്ള അവരുടെ പോരാട്ടം. എന്റെ ഇടപെടൽ കാരണം, ഇപ്പോൾ അവിടെ സമാധാനമുണ്ട്. അത് അങ്ങനെ തന്നെ നിലനിൽക്കും. അതുപോലെ, ഇറാനും ഇസ്രയേലിനും ഇടയിൽ ഉടൻ സമാധാനമുണ്ടാകും. നിരവധി ഫോൺ വിളികളും കൂടിക്കാഴ്ചകളും ഇപ്പോൾ നടക്കുന്നുണ്ട്. ഞാൻ ധാരാളം കാര്യങ്ങൾ ചെയ്യുന്നു, ഒന്നിനും എനിക്ക് അംഗീകാരം ലഭിക്കാറില്ല, പക്ഷേ സാരമില്ല, ജനങ്ങൾക്ക് മനസ്സിലാകും. പശ്ചിമേഷ്യയെ വീണ്ടും മഹത്തരമാക്കണം – ട്രംപ് കുറിച്ചു.

ഓപ്പറേഷന്‍ റൈസിങ് ലയണ്‍ എന്ന പേരിലാണ് ഇറാനെതിരായ സൈനിക നടപടി ഇസ്രയേല്‍ തുടങ്ങിയത്. ഇറാന്റെ ആണവ പദ്ധതികള്‍ തടയുകയായിരുന്നു ലക്ഷ്യമിട്ടതെന്നാണ് ഇസ്രയേലിന്റെ വാദം. ആണവായുധമുണ്ടാക്കാനുള്ള ഘട്ടത്തിലേക്ക് ഇറാന്‍ അടുത്തുവെന്ന് ഇസ്രയേല്‍ ആരോപിച്ചിരുന്നു. ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന്‍ ഇസ്ലാമിക് റെവലൂഷന്‍ ഗാര്‍ഡ് കോര്‍പ്സ് (ഐആര്‍ജിസി) മേധാവി മേജര്‍ ജനറല്‍ ഹൊസൈന്‍ സലാമി, സൈനിക മേധാവി മുഹമ്മദ് ബഘേരി തുടങ്ങിയ സൈനിക ഉദ്യോഗസ്ഥരും ആണവ ശാസ്ത്രജ്ഞരും ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഈ ആക്രമണത്തിന് മറുപടിയായി ഓപ്പറേഷന്‍ ട്രൂ പ്രോമിസ് III എന്ന പേരിൽ ഇറാൻ പ്രത്യാക്രമണവും നടത്തുകയാണ്.