എസി ഇല്ലാതെ 5 മണിക്കൂര്‍ യാത്രക്കാരെ അകത്തിരുത്തി എയര്‍ ഇന്ത്യ എക്‌സ്പ്രസ്: ക്ഷുഭിതരായി യാത്രക്കാർ, വീഡിയോ പുറത്ത്

0
141

വാതിൽ തുറക്കാൻ കാബിനിൽ അടിച്ചും ഒച്ച വെച്ചും യാത്രക്കാർ

ദുബൈ: സാങ്കേതിക തകരാറിനെ തുടര്‍ന്ന് പറക്കനാകാതെ വന്നതോടെ ദുബൈ എയര്‍പോര്‍ട്ടില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ വെള്ളവും ഭക്ഷണവുമില്ലാതെ യാത്രക്കാര്‍ അഞ്ച് മണിക്കൂര്‍ കുടുങ്ങിക്കിടന്നു. വിമാനത്തില്‍ എസിയും പ്രവര്‍ത്തിച്ചിരുന്നില്ല. ഇതോടെ യാത്രക്കാര്‍ രോഷാകുലരായി.

ജൂണ്‍ 13ന് വൈകീട്ട് 7.25ന് ദുബായില്‍ നിന്ന് ജയ്പൂരിലേക്ക് പറക്കേണ്ട വിമാനമാണ് സാങ്കേതിക തകരാറിനെ തുടര്‍ന്ന് ടേക്ക് ഓഫ് റദ്ദാക്കിയത്. യാത്രക്കാരെ പുറത്തിറക്കിയതുമില്ല.യാത്രക്കാര്‍ വിമാനത്തിനുള്ളിലെ ദുരിതം പറയുന്ന വിഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചാണ് പ്രതിഷേധം അറിയിച്ചത്. വിമാനത്തിലുണ്ടായിരുന്ന ഒരു ഇന്‍ഫ്‌ളുവന്‍സര്‍ പങ്കുവച്ച വിഡിയോ വൈറലാകുകയും ചെയ്തു.

സാങ്കേതിക തകരാര്‍ പരിഹരിച്ചു തീരുന്നതുവരെ യാത്രക്കാരെ വിമാനത്തിനുള്ളില്‍ തന്നെ ഇരുത്തുകയായിരുന്നു. വിയര്‍ത്തൊലിച്ചും ശ്വാസംമുട്ടിയുമാണ് കഴിച്ചു കൂട്ടിയതെന്ന് യാത്രാക്കാര്‍ പരാതിപ്പെട്ടു. അവസാനം 14ന് പുലര്‍ച്ചെ 12.44ഓടെയാണ് വിമാന ജയ്പൂരിലേക്ക് പറന്നത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതരുടെ ഉദാസീന നിലപാടിനെതിരെ നിരവധി യാത്രക്കാര്‍ പ്രതിഷേധിച്ചു. സംഭവത്തെ കുറിച്ച് കമ്പനി പ്രതികരിച്ചിട്ടില്ല. വീഡിയോ കാണാം 👇

 

അതിനിടെ, കൊല്‍ക്കത്ത വിമാനത്താവളത്തില്‍ നിന്ന് ഗാസിയാബാദിലെ ഹിന്‍ഡന്‍ വിമാനത്താവളത്തിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം വൈകി. ഞായറാഴ്ച രാവിലെ 7 മണിക്ക് പുറപ്പെട്ട് ഹിന്‍ഡന്‍ വിമാനത്താവളത്തില്‍ രാവിലെ 9.20ന് ഇറങ്ങേണ്ടിയിരുന്ന ഐക്‌സ് 1511 ആണ് സാങ്കേതിക പ്രശ്‌നം മൂലം വൈകിയത്.

യാത്രക്കാര്‍ക്ക് സൗജന്യമായി യാത്ര പുനഃക്രമീകരിക്കാനോ മുഴുവന്‍ പണവും തിരികെ ലഭിക്കുന്ന രീതിയില്‍ ടിക്കറ്റ് റദ്ദാക്കാനോ ഉള്ള അവസരം എയര്‍ ഇന്ത്യ നല്‍കി. അസൗകര്യത്തില്‍ ഖേദിക്കുന്നുവെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വക്താവ് അറിയിച്ചു.

വിമാനം റണ്‍വേയിലേക്കെത്തി പുറപ്പെടാന്‍ തയ്യാറെടുക്കുമ്പോള്‍ അവസാന നിമിഷം ഫ്‌ളൈറ്റ് ക്രൂ ഒരു സാങ്കേതിക തകരാര്‍ കണ്ടെത്തുകയായിരുന്നുവെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെയാണ് വിമാനത്തിന്റെ യാത്ര വൈകിയത്.