താനെ: ആകാശത്തെ അതിരറ്റു സ്നേഹിച്ച റോഷ്നിയുടെ ജീവനെടുത്തതും ഒടുവിൽ ആകാശം. ഇന്നലെ അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തിൽ മരിച്ച കാബിൻ ക്രൂ റോഷ്നി രാജേന്ദ്ര(27)യുടെ വിയോഗം അടുപ്പമുള്ളവർക്ക് ഇനിയും വിശ്വസിക്കാനായിട്ടില്ല. ഏവിയേഷൻ മേഖലയിൽ ജോലി ചെയ്യുക എന്നതായിരുന്നു റോഷ്നിയുടെ സ്വപ്നം.
തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന് ‘സ്കൈ ലവ്സ് ഹേർ’ എന്നാണ് റോഷ്നി പേരു നൽകിയിരുന്നത്. 50000ൽ അധികം ഫോളോവേഴ്സ് ഉണ്ടായിരുന്ന അക്കൗണ്ടിൽ റോഷ്നി പങ്കുവച്ചിരുന്നതും ജോലിയുമായി ബന്ധപ്പെട്ട് വിവിധ നാടുകളിൽ നിന്ന് പകർത്തിയ ചിത്രങ്ങളും വിഡിയോകളും. അപകടത്തിന് ദിവസങ്ങൾക്ക് മുൻപും പുതിയ ചിത്രങ്ങൾ റോഷ്നി പങ്കുവച്ചിട്ടുണ്ട്. രണ്ട് വർഷം മുൻപാണ് മുംബൈയിൽ നിന്ന് താനെയിലേക്ക് റോഷ്നിയുടെ കുടുംബം എത്തിയത്.