മലയാളി യുവതി കൊല്ലപ്പെട്ട സംഭവം; യുവതി മറ്റൊരു യുവാവിന്റെ ഫോട്ടോ സ്റ്റാറ്റസാക്കിയത് പ്രകോപനമായി

പൊള്ളാച്ചി: പൊള്ളാച്ചി വടുകപാളയത്ത് മലയാളിയുവതിയെ കുത്തിക്കൊന്ന കേസില്‍ ഉദുമല്‍പേട്ട റോഡ് അണ്ണാമലയാര്‍നഗറില്‍ പ്രവീണ്‍കുമാറിനെ (23) റിമാന്‍ഡ് ചെയ്തു. പൊന്‍മുത്തുനഗറില്‍ താമസിക്കുന്ന തൃശ്ശൂര്‍ ചുവന്നമണ്ണ് സ്വദേശി കണ്ണന്റെ മകള്‍ അശ്വിതയാണ് (19) കൊല്ലപ്പെട്ടത്.

കോയമ്പത്തൂരിലെ സ്വകാര്യ കോളേജില്‍ രണ്ടാംവര്‍ഷ വിദ്യാര്‍ഥിയായ അശ്വിതയും സ്വകാര്യകമ്പനി ജോലിക്കാരനായ പ്രവീണ്‍കുമാറും പ്രണയത്തിലായിരുന്നു. എന്നാല്‍ വിവാഹം കഴിക്കാന്‍ താത്പര്യം അറിയിച്ചപ്പോള്‍ അശ്വിത ഒഴിഞ്ഞുമാറുകയായിരുന്നെന്നും പറയുന്നു. കഴിഞ്ഞ ദിവസം അശ്വിത മറ്റൊരു യുവാവിന്റെ ഫോട്ടോ സാമൂഹികമാധ്യമത്തില്‍ ഇട്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊള്ളാച്ചിതാലൂക്ക് പോലീസ് പറഞ്ഞു.

ഫോണില്‍ വിളിച്ചിട്ടും പ്രതികരിക്കാതായതിനെത്തുടര്‍ന്ന് പ്രകോപിതനായ പ്രവീണ്‍കുമാര്‍ അശ്വിതയുടെ വീട്ടില്‍ച്ചെന്നു. ഈസമയം വേറെയാരും വീട്ടില്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന്, ഇരുവരുംതമ്മില്‍ വാക്തര്‍ക്കം ഉണ്ടാവുകയും ഇതിനിടെ പ്രവീണ്‍കുമാര്‍ കത്തികൊണ്ട് കുത്തിക്കൊല്ലുകയുമായിരുന്നു.

സംഭവശേഷം പ്രതി രക്ഷപ്പെട്ടു. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് അയല്‍ക്കാര്‍ ഓടിയെത്തിയപ്പോള്‍ അശ്വിത ചോരയില്‍കുളിച്ചു കിടക്കുകയായിരുന്നു. ഉടന്‍തന്നെ രക്ഷിതാക്കളെ അറിയിച്ചു. അച്ഛന്‍ കണ്ണന്‍ വീട്ടിലെത്തി മകളെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പൊള്ളാച്ചി എഎസ്പി സൃഷ്ടിസിങ് സ്ഥലത്തെത്തി അന്വേഷണം നടത്തുന്നതിനിടെയാണ് പ്രവീണ്‍ നേരിട്ട് പൊള്ളാച്ചി താലൂക്ക് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. അറസ്റ്റിലായ പ്രതിയെ പോലീസ് സംഘം ചൊവ്വാഴ്ച വിശദമായി ചോദ്യംചെയ്തു. തുടര്‍ന്ന് പൊള്ളാച്ചി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലിലാണ് റിമാന്‍ഡ് ചെയ്തത്. അശ്വിതയുടെ മൃതദേഹം കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. അമ്മ: വനിത. സഹോദരി: അക്ഷര.