നടിയെ അധിക്ഷേപിക്കൽ: ബോബി ചെമ്മണൂരിനെതിരെ കുറ്റപത്രം

കൊച്ചി: വ്യവസായി ബോബി ചെമ്മണൂർ നടിയ്ക്കെതിരെ നിരന്തരം ദ്വയാർഥ പ്രയോഗങ്ങൾ നടത്തിയെന്ന് പൊലീസ് കുറ്റപത്രം. നടിയെ അധിക്ഷേപിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ബോബി ചെമ്മണൂര്‍ ദ്വയാർഥ പ്രയോഗങ്ങള്‍ നടത്തിയതെന്നും കുറ്റപത്രത്തിൽ പറയുന്നു. നടി നൽകിയ പരാതിയിൽ എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ കൊച്ചി സെൻട്രൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. 

സമൂഹമാധ്യമങ്ങളിലൂടെ പലർക്കുമെതിരെ ബോബി ചെമ്മണൂർ ലൈംഗികാധിക്ഷേപം നടത്തിയതിന്റെ തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. അഭിമുഖങ്ങളുടെ വിഡിയോ ക്ലിപ്പുകളും നടിയുടെ രഹസ്യമൊഴിയും സാക്ഷി മൊഴികളും കുറ്റപത്രത്തിനൊപ്പം സമർ‌പ്പിച്ചിട്ടുണ്ട്. ലൈംഗിക അധിക്ഷേപത്തിനൊപ്പം പിന്തുടർന്ന് ശല്യം ചെയ്തതിനെതിരെയും കുറ്റം ചുമത്തിയിട്ടുണ്ട്.

നേരത്തെ, നടി നൽകിയ ലൈംഗികാധിക്ഷേപ കേസിൽ ബോബി ചെമ്മണൂർ അറസ്റ്റിലായിരുന്നു. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് കാക്കനാട് ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന ബോബി പുറത്തിറങ്ങിയത്. ജയില്‍ മോചിതനായ ശേഷം പരസ്യമായി മാപ്പ് ചോദിച്ച് ബോബി ചെമ്മണൂര്‍ രംഗത്തെത്തിയിരുന്നു.

മാര്‍ക്കറ്റിങ്ങിനായി പലതും പറയാറുണ്ടെന്നും അറിഞ്ഞുകൊണ്ട് ആരെയും ദ്രോഹിച്ചിട്ടില്ലെന്നുമായിരുന്നു പ്രതികരണം. എങ്കില്‍പോലും ആര്‍ക്കെങ്കിലും എപ്പോഴെങ്കിലുമൊക്കെ തന്‍റെ വാക്കുകള്‍ കൊണ്ട് വിഷമം ഉണ്ടായിട്ടുണ്ടെങ്കിൽ അവരോടൊക്കെ മാപ്പ് ചോദിക്കുന്നുവെന്നും ബോബി ചെമ്മണൂര്‍ പറഞ്ഞിരുന്നു.