ബേക്കറിക്കുള്ളില്‍ നിന്നുള്ള സിസിടിവി ദൃശ്യത്തില്‍ അക്രമികള്‍ ചന്നപ്പയെ വാളുകളും മരകഷ്ണവും ഉപയോഗിച്ച് ക്രൂരമായി ആക്രമിക്കുന്നത് വ്യക്തമായി കാണാം
കൊപ്പല്‍: കര്‍ണാടകയിലെ കൊപ്പല്‍ ജില്ലയില്‍ ബേക്കറിക്കുള്ളില്‍ കയറി ഒരാളെ ഏഴുപേര്‍ചേര്‍ന്ന് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. ശനിയാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞു. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന സ്വത്തുതര്‍ക്കവും കുടുംബവഴക്കുമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറയുന്നു.
ചന്നപ്പ നരിനാള്‍ എന്ന 35-കാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഏഴു പേര്‍ അറസ്റ്റിലായിട്ടുണ്ട്. രവി, പ്രദീപ്, മഞ്ജുനാഥ്, നാഗരാജ്, മഞ്ജുനാഥ്, ഗൗതം, പ്രമോദ് എന്നിവരാണ് അറസ്റ്റിലായത്. തവരഗേര പട്ടണത്തിലെ ദിവസവേതന തൊഴിലാളിയായ ചന്നപ്പ ശനിയാഴ്ച രാത്രി 10 മണിയോടെയാണ് കൊല്ലപ്പെട്ടത്. സംഭവസ്ഥലത്തുതന്നെ ചന്നപ്പ മരിച്ചു. രണ്ട് മിനിറ്റുള്ളില്‍ ആക്രമികള്‍ കൊലപാതകം നടത്തി പ്രദേശം വിട്ടതായി പോലീസ് അറിയിച്ചു.
ബേക്കറിക്കുള്ളില്‍ നിന്നുള്ള സിസിടിവി ദൃശ്യത്തില്‍ അക്രമികള്‍ ചന്നപ്പയെ വാളുകളും മരകഷ്ണവും ഉപയോഗിച്ച് ക്രൂരമായി ആക്രമിക്കുന്നത് വ്യക്തമായി കാണാം. കഴുത്തിലും തലയിലും പുറത്തും കൈകാലുകളിലും വെട്ടേറ്റിട്ടുണ്ട്. ആക്രമണത്തിനിടെ ചന്നപ്പ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പിന്നാലെ ഓടി അക്രമികള്‍ തുരുതുരെ വെട്ടുന്നത് ദൃശ്യങ്ങളിലുണ്ട്.
പോലീസ് സ്റ്റേഷനില്‍നിന്ന് ഒരു കിലോമീറ്ററില്‍താഴെ അകലെയായിരുന്നു കൊലപാതകം നടന്നത്. ആക്രമണം ചില ആളുകള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. വഴിയാത്രക്കാരന്‍ പകര്‍ത്തിയ സംഭവത്തിന്റെ ഒരു വീഡിയോയില്‍, കുറ്റകൃത്യം നടന്ന സ്ഥലത്ത് വലിയ ആള്‍ക്കൂട്ടം തടിച്ചുകൂടിയതായും ചന്നപ്പ രക്തത്തില്‍ കുളിച്ചുകിടക്കുന്നതും കാണാം. അദ്ദേഹത്തിന്റെ അരികില്‍ പ്രായമായ ഒരു സ്ത്രീ കരയുകയും അലറുകയും ചെയ്യുന്നതും കാണാമായിരുന്നു.
ദീര്‍ഘകാലമായുള്ള സ്വത്ത് തര്‍ക്കമാണ് ആക്രമണത്തിന് ഇടയാക്കിയതെന്നും ഇത് മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നുമാണ് പോലീസിന്‍റെ നിഗമനം. തന്റെ കുടുംബവും മറ്റൊരുവിഭാഗവും തമ്മില്‍ സ്വത്ത് തര്‍ക്കമുണ്ടായിരുന്നതായി മരിച്ചയാളുടെ മൂത്ത സഹോദരനും പരാതിക്കാരനുമായ ദുരഗപ്പ നാരിനാല്‍ പോലീസിന് മൊഴിനൽകിയിട്ടുണ്ട്. പ്രധാന പ്രതികളിലൊരാളായ രവി അടുത്തിടെ തങ്ങളുടെ കുടുംബത്തില്‍നിന്ന് ഒരാളെ കൊല്ലുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തിയിരുന്നതായും അദ്ദേഹം ആരോപിച്ചു.





