മെയിൻപുരി: ബാങ്കിലുണ്ടായ പിഴവിനെത്തുടർന്ന് യുവതിയുടെ അക്കൗണ്ടിൽ എത്തിയത് 10 കോടി രൂപ! ബിച്വാനിലെ ദേവ്ഗഞ്ച് ഗ്രാമവാസിയായ റീത്തയുടെ അക്കൗണ്ടിലേക്കാണ് പണം എത്തിയത്.
കൃഷി ഉപജീവനമാർഗമായി കാണുന്ന റീത്ത, അക്കൗണ്ടിലുള്ള പണം പിൻവലിക്കാൻ ബാങ്കിൽ എത്തിയെങ്കിലും ശാഖ അടച്ചിരുന്നു. തുടർന്ന് എടിഎമ്മിൽ എത്തി അക്കൗണ്ട് ബാലൻസ് പരിശോധിച്ചപ്പോഴാണ് കോടികൾ അക്കൗണ്ടിലുള്ള കാര്യം അറിയുന്നത്. ഇക്കാര്യം ഉറപ്പിക്കാനായി മറ്റൊരു എടിഎമ്മിലും എത്തി പരിശോധിച്ചു. സംഗതി ശരിയാണെന്നു മനസ്സിലായതോടെ റീത്തയും കുടുംബവും പ്രദേശവാസികളും ഞെട്ടി.
ബാങ്കിന്റെ ഭാഗത്തു നിന്നുണ്ടായ പിഴവ് അറിയിക്കാൻ റീത്തയും കുടുംബവും പിറ്റേന്ന് തന്നെ ശാഖയിലെത്തിയെങ്കിലും അന്ന് ബാങ്ക് അവധിയായിരുന്നു. പിന്നീട് ഫോണിൽ ബന്ധപ്പെട്ട് അധികൃതരെ കാര്യങ്ങൾ ധരിപ്പിച്ചു. സാങ്കേതിക പിഴവോ ഇടപാടിലെ പിഴവോ ആകാം സംഭവത്തിന് കാരണമെന്ന് ബാങ്ക് മേലധികാരികൾ പറഞ്ഞു. ബ്രാഞ്ച് വീണ്ടും തുറന്നതിനു ശേഷം സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.
സംഭവം ഗ്രാമത്തിലാകെ ചർച്ചയായിരിക്കുകയാണ്. റീത്ത ബാങ്ക് ബാലൻസ് പരിശോധിക്കുന്നതിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്. ഇത് സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. ഇത്രയും ഭീമമായ തുക അക്കൗണ്ടിലെത്തിയിട്ടും ദുരുപയോഗം ചെയ്യാതെ അത് തിരിച്ചുകൊടുക്കാൻ കാണിച്ച റീത്തയുടെയും കുടുംബത്തിന്റെയും സത്യസന്ധതയെ വാഴ്ത്തുകയാണ് സമൂഹമാധ്യമ ലോകം.





