തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസത്തേക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമാകാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഒഡിഷ തീരത്തിന് സമീപം വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശക്തികൂടിയ ന്യൂനമർദം സ്ഥിതിചെയ്യുന്നു. വടക്കുഭാഗത്തേക്ക് നീങ്ങുന്ന ന്യൂനമർദം തീവ്രന്യൂനമർദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പിൽ പറയുന്നു.
അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ബുധൻ, വ്യാഴം ദിവസങ്ങളിൽ അതിശക്തമഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. വ്യാഴാഴ്ച പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലും, വെള്ളിയാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിലും റെഡ് അലർട്ട് ആണ്. റെഡ് അലേർട്ട് പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.