ദുബായ്: ബലി പെരുന്നാൾ അടുത്തെത്തിയതോടെ യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കും പ്രത്യേകിച്ച് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് നാലിരട്ടിയിലേറെ ഉയർന്നതായി യാത്രക്കാരും ഏജന്റുമാരും പരാതിപ്പെടുന്നു. സൗദിയിൽ ദുൽഹജ് മാസപ്പിറവി സ്ഥിരീകരിച്ചതോടെ ജൂൺ 6ന് ആണ് ബലി പെരുന്നാൾ.
ഇന്നലെ രാത്രി ബലി പെരുന്നാൾ തീരുമാനമായതോടെ കുടുംബത്തോടൊപ്പം ആഘോഷിക്കാനായി നാട്ടിലേക്ക് പോകാനുള്ള യുഎഇയിലെ പ്രവാസി മലയാളികളുടെ തിരക്ക് വർധിച്ചതോടെയാണ് പതിവുപോലെ വിമാന കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ വർധിപ്പിച്ചത്.
ഇന്നും നാളെയും(29) ദുബായിൽ നിന്ന് കൊച്ചിയിലേക്ക് ഏറ്റവും കൂടിയ 92,982 രൂപ(4,070 ദിർഹം)യാണ് എമിറേറ്റ്സിലെ ടിക്കറ്റ് നിരക്ക് കാണിക്കുന്നത്. പെരുന്നാളടുക്കുന്തോറും നിരക്ക് ഇനിയും കൂടാനാണ് സാധ്യതയെന്നും ട്രാവൽ ഏജന്റുമാർ മുന്നറിയിപ്പ് നൽകുന്നു.
പ്രത്യേകിച്ച് ജൂൺ 1 മുതൽ 5 വരെ യുഎഇയിൽ നിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കാണ് ഏറ്റവുമധികം നിരക്ക് രേഖപ്പെടുത്തിയത്. ഇന്ന്(28) ദുബായിൽ നിന്ന് കൊച്ചിയിലേക്ക് സ്പൈസ് ജെറ്റിൽ വൺവേ ടിക്കറ്റിന് ഏറ്റവും കുറഞ്ഞത് 846 ദിർഹം. ഇന്നു തന്നെ കോഴിക്കോട്ടേയ്ക്കുള്ള ഏറ്റവു കുറഞ്ഞ നിരക്ക് എയർ ഇന്ത്യാ എക്സ്പ്രസിൽ 845 ദിർഹം.
ഏറ്റവും കൂടിയ സ്പൈസ് ജെറ്റിൽ 1093 ദിർഹവും. കണ്ണൂരിലേക്ക് എയർ ഇന്ത്യ എക്സ്പ്രസിൽ 980 ദിർഹവും എയർ ഇന്ത്യയിൽ 1090 ദിർഹവുമാണ്. അതേസമയം, തിരുവനന്തപുരത്തേക്ക് ദുബായിൽ നിന്ന് ഏറ്റവും കുറഞ്ഞ നിരക്ക് എയർ ഇന്ത്യ എക്സ്പ്രസിൽ 951 ദിർഹവും കൂടിയത് എമിറേറ്റ്സിൽ 2550 ദിർഹവും.
നാളെ(29) ദുബായിൽ നിന്ന് കോഴിക്കോട്ടേയ്ക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ വൺവേയ്ക്ക് 860 ദിർഹവും ഏറ്റവും കൂടിയത് സ്പെസ് ജെറ്റിൽ 1068 ദിർഹവുമാണ്. കൊച്ചിയിലേക്ക് ഏറ്റവും കുറഞ്ഞ നിരക്ക് സ്പൈസ് ജെറ്റിൽ 846 ദിർഹവും കൂടിയത് എമിറേറ്റ്സിൽ 4070 ദിർഹവും. കണ്ണൂരിലേക്കാണെങ്കിൽ എയർ ഇന്ത്യ എക്സ്പ്രസിൽ 1120 ദിർഹം നൽകണം. കൂടിയത് എയർ ഇന്ത്യ എക്സ്പ്രസിൽ 1230 ദിർഹവും. തിരുവനന്തപുരത്തേക്ക് എയർ ഇന്ത്യ എക്സ്പ്രസിൽ 1017 ദിർഹമാണ് കുറഞ്ഞ നിരക്ക്. കൂടിയത് എമിറേറ്റ്സിൽ-1720 ദിർഹം.
പെരുന്നാളടുക്കുന്നതോടെ നിരക്കുകൾ കുത്തനെ വർധിക്കുന്ന അവസ്ഥയാണുള്ളത്. ദുബായിൽ നിന്ന് കോഴിക്കോട്ടേയ്ക്ക് ഏറ്റവും കൂടിയത് രേഖപ്പെടുത്തിയത് ജൂൺ ഒന്നിനും മൂന്നിനുമാണ്-എമിറേറ്റ്സിൽ വൺവേ നിരക്ക് 2090 ദിർഹം. ഏറ്റവും കുറഞ്ഞത് ഇന്ന് എയർ ഇന്ത്യ എക്സ്പ്രസിൽ 845 ദിർഹം.
കൊച്ചിയിലേക്ക് വൺവേ നിരക്ക് ഏറ്റവും കൂടിയത് ഇന്നും നാളെയുമാണ് രേഖപ്പെടുത്തിയത്. എമിറേറ്റ്സിൽ 4070 ദിർഹം. ഏറ്റവും കുറഞ്ഞത് സ്പൈസ് ജെറ്റിൽ ഇന്നും നാളെയും 846 ദിർഹം കാണിക്കുന്നു. കണ്ണൂരിലേക്ക് ഏറ്റവും കൂടിയത് ജൂൺ 5ന് 1350 ദിർഹവും കുറഞ്ഞത് ഇന്ന് എയർ ഇന്ത്യ എക്സ്പ്രസിൽ 980 ദിർഹവും. ദുബായിൽ നിന്ന്തിരുവനന്തപുരത്തേയ്ക്കാണെങ്കിൽ ഏറ്റവും കൂടിയ വൺവേ നിരക്ക് ജൂൺ നാലിന് 2790 ദിർഹവും കുറഞ്ഞത് ഇന്ന് എയർ ഇന്ത്യ എക്സ്പ്രസിൽ 951 ദിർഹവും. പെരുന്നാൾ വരെയുള്ള ബാക്കിയെല്ലാ ദിവസവും വിവിധ വിമാനക്കമ്പനികൾ ഇതിനിടയിലുള്ള നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നു.