ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം കണ്ടത് മറ്റൊരു താക്കോൽ ഉപയോഗിച്ച് വാതിൽ തുറന്ന മകൻ

0
1213

കണ്ണൂർ: മട്ടന്നൂരിൽ ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഗോകുലം വീട്ടിൽ ബാബു (58), ഭാര്യ സജിത (55) എന്നിവരെയാണ് ഉച്ചയ്ക്ക് പന്ത്രണ്ടോടെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂർ മട്ടന്നൂർ കൊടോളിപ്രത്താണ് സംഭവം. കടബാധ്യതയെ തുടർന്ന് ജീവനൊടുക്കിയതെന്നാണ് സംശയം. ബാബുവിനെ കിടപ്പുമുറിയിലും സജിതയെ ഹാളിലെ ഫാനിലുമാണ് തൂങ്ങിയ നിലയിൽ കാണപ്പെട്ടത്. സജിത ഫാനിൽ തൂങ്ങാൻ കയറിയ കസേരയും മറ്റും കാണാനില്ല.

സാമ്പത്തിക പ്രയാസം കാരണം വീട് വില്പനയ്ക്ക് വച്ചിരുന്നു. അതിനിടയിലാണ് മരണം. ഇന്ന് ഉച്ചയോടെയാണ് ഇരുവരേയും മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

സംഭവം നടക്കുമ്പോൾ ബാബുവും സജിതയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മകൾ ഭർത്താവിന്റെ വീട്ടിലും മകൻ ഭാര്യ വീട്ടിലും പോയിരുന്നു. ഉച്ചയായിട്ടും വീട് തുറക്കാത്തതിനാൽ സമീപത്തു താമസിക്കുന്നവർ മകൻ സുബിജിത്തിനെ വിവരമറിയിക്കുകയായിരുന്നു. മകൻ വീട്ടിലെത്തി മറ്റൊരു താക്കോൽ ഉപയോഗിച്ച് വാതിൽ തുറന്നു നോക്കിയപ്പോഴാണ് ഇരുവരെയും തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. 

വിദേശത്തായിരുന്ന ബാബു പത്തു വർഷം മുൻപാണ് നാട്ടിലെത്തിയത്. പലിശ അടക്കം 25 ലക്ഷത്തോളം രൂപ ബാങ്കിൽ അടയ്ക്കാനുണ്ടായിരുന്നുവെന്നും ഇതിന്റെ പ്രയാസത്തിലായിരുന്നു ബാബുവെന്നും നാട്ടുകാർ പറഞ്ഞു. ജിബിഷയാണ് മകൾ. വിവരം അറിയിച്ചതിനെ തുടർന്നു മട്ടന്നൂർ എസ്ഐ സി.പി.ലിനേഷിന്റെ നേതൃത്വത്തിൽ പൊലീസ് എത്തി പരിശോധന നടത്തി. കണ്ണൂരിൽ നിന്ന് ഫൊറൻസിക് വിഭാഗവും വീട്ടിലെത്തി പരിശോധിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)