നിലമ്പൂരിൽ യുഡിഎഫിന് മൂന്നാമതൊരാൾ? വി.ടി ബൽറാം, സന്ദീപ് വാര്യർ, വി.വി പ്രകാശന്റെ ഭാര്യ സ്മിത എന്നിവർ പരിഗണനയിൽ

അമ്പിനും വില്ലിനും അടുക്കാതെ അൻവർ നിലയുറപ്പിച്ചതോടെയാണ് UDF മാറി ചിന്തിച്ചത്

തിരുവനന്തപുരം: നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിനും വി.എസ് ജോയിക്കും പുറമെ മറ്റൊരാളെക്കൂടി കോൺഗ്രസ് പരിഗണിക്കുന്നു. സന്ദീപ് വാര്യർ, വി.ടി ബൽറാം, അന്തരിച്ച മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റ് വി.വി പ്രകാശിന്റെ ഭാര്യ സ്മിത പ്രകാശ് എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കത്തിൽ പി.വി അൻവർ ഇടഞ്ഞതാണ് കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയത്.

ആര്യാടനെ സ്ഥാനാർത്ഥിയാക്കാൻ നടത്തുന്നത് അന്തംകെട്ട നീക്കമാണെന്നും വേണ്ടിവന്നാൽ മത്സരിക്കുമെന്നും അൻവർ സൂചനനൽകിയിരുന്നു. തന്നെ പരിഗണിക്കാത്തിൽ ഡിസിസി പ്രസിഡന്റ് കൂടിയായ വി.എസ് ജോയിയും നേതൃത്വത്തെ അതൃപ്തി അറിയിച്ചു. തർക്കങ്ങൾക്കിടെ ഫേസ്ബുക്ക് പോസ്റ്റുമായി 2021ലെ സ്ഥാനാർഥി വി.വി പ്രകാശിന്റെ കുടുംബവും രംഗത്തുവന്നു.

ഹൈക്കമാൻഡ് പ്രഖ്യാപിക്കുന്ന സ്ഥാനാർഥിയെ വിജയിപ്പിക്കാൻ നിലമ്പൂരിന്റെ മണ്ണ് സജ്ജമാണെന്നാണ് ആര്യാടൻ ഷൗക്കത്തിന്റെ പ്രതികരണം. അതേസമയം നിലമ്പൂരിലെ സ്ഥാനാനാർഥിയുടെ കാര്യത്തിൽ കോൺഗ്രസിൽ ആശയക്കുഴപ്പമില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു.

ജാതിയും മതവും നോക്കിയല്ല കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നത്. അൻവർ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അത് മുഖവിലയ്ക്കെടുക്കുകയാണ്. നിലമ്പൂരിൽ ആദ്യം സ്ഥാനാർഥികളെ യുഡിഎഫ് പ്രഖ്യാപിക്കുമെന്നും വേണുഗോപാൽ വ്യക്തമാക്കി.