ഗസ്സ: കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ ഗസ്സയിൽ ഇസ്‌റാഈൽ സൈന്യം ഒരു ഡസനിലധികം പലസ്തീൻ കുട്ടികളെ കൊലപ്പെടുത്തി. കൊല്ലപ്പെട്ട കുട്ടികളിൽ ഗാസയിലെ ഏറ്റവും പ്രായം കുറഞ്ഞ ഇൻഫ്ളുവൻസറും മാധ്യമ പ്രവർത്തകയും മാനുഷിക സന്നദ്ധപ്രവർത്തകയുമായ 11 വയസ്സുകാരി യാക്കിൻ ഹമ്മദ് കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാത്രി വടക്കൻ ഗസ്സയിലെ ദെയ്ർ എൽ-ബലായിൽ അൽ-ബറാക്ക പ്രദേശത്തിന് നേരെ ഇസ്‌റാഈൽ നടത്തിയ ഷെല്ലാക്രമണത്തിലാണ് യാക്കിൻ കൊല്ലപ്പെട്ടത്.
യാക്കിൻ തന്റെ സഹോദരൻ മുഹമ്മദ് ഹമ്മദുമായി ചേർന്നാണ് പ്രവർത്തനം നടത്തിയിരുന്നത്. ഗസ്സയിൽ നിന്നും മറ്റും കുടിയിറക്കപ്പെട്ട കുടുംബങ്ങൾക്ക് അവർ സഹായം എത്തിച്ചു നൽകിയിരുന്നു. കുടിയിറക്കപ്പെട്ട കുടുംബങ്ങൾക്ക് ഭക്ഷണം, കളിപ്പാട്ടങ്ങൾ, വസ്ത്രങ്ങൾ എന്നിവ ഈ കൊച്ചുമിടുക്കിയും സഹോദരനും ചേർന്ന് വിവിധ ഇടങ്ങളിൽ നിന്ന് ശേഖരിച്ച് എത്തിച്ചു നൽകി. ഇതോടൊപ്പം പലസ്തീൻ കുട്ടികൾ ഓരോ ദിനവും അനുഭവിക്കുന്ന കഷ്ടപ്പാടുകൾ അവൾ രേഖപ്പെടുത്തി. ഗസ്സയിലെ മാനുഷിക സംരംഭങ്ങളെ സഹായിക്കുന്ന ഫലസ്തീൻ സന്നദ്ധ സംഘടനയായ ഔനിയ കളക്ടീവിലും അവർ അംഗമായിരുന്നു.
ഉപരോധിക്കപ്പെട്ട കുട്ടികൾക്ക് സ്വന്തമായി സ്റ്റൗവിൽ പാചകം ചെയ്യുന്നതോ സാധനങ്ങൾ വിതരണം ചെയ്യുന്നതോ ആയിരുന്നു അവരുടെ വിഡിയോകളിലെ പ്രധാന ആകർഷണം. “ഗസ്സ, ഒന്നും അസാധ്യമല്ല” എന്ന അടിക്കുറിപ്പോടെ, ഗ്യാസ് ഇല്ലാതെ അവർ പാചകം ചെയ്യുന്നതായി കാണിക്കുന്ന ഒരു വിഡിയോ ലോകമാകെ പ്രചരിച്ചിരുന്നു.
യാക്കിൻ്റെ മരണവാർത്ത ഓൺലൈനിൽ പ്രചരിച്ചതിനെത്തുടർന്ന് ആക്ടിവിസ്റ്റുകളിൽ നിന്നും, അനുയായികളിൽ നിന്നും, പത്രപ്രവർത്തകരിൽ നിന്നും അനുശോചന സന്ദേശങ്ങൾ ഏറെ പ്രചരിക്കുകയാണ്.
“ഇസ്‌റാഈൽ ഗ്യാസ് വിച്ഛേദിച്ചിട്ടും പാചകം ചെയ്യാൻ ഈ ഉപകരണം എങ്ങനെ നിർമ്മിച്ചുവെന്ന് അവൾ നമുക്ക് കാണിച്ചു തന്നു. യാക്കിൻ, നീ സ്വർഗത്തിലെ ഒരു പക്ഷിയാകട്ടെ,” അവരുടെ മരണത്തിൽ അനുശോചിച്ചുകൊണ്ട് ഒരു ഉപയോക്താവ് എക്‌സിൽ എഴുതി. “അവളുടെ ശരീരം ഇല്ലാതായിരിക്കാം, പക്ഷേ അവളുണ്ടാക്കിയ മാറ്റം മാനവികതയുടെ ഒരു ദീപസ്തംഭമായി തുടരുന്നു,” ഗാസയിലെ ഒരു ഫോട്ടോ ജേണലിസ്റ്റായ മഹ്മൂദ് ബസ്സാം എഴുതി.
“സ്കൂളിൽ പോയി കുട്ടിക്കാലം ആസ്വദിക്കുന്നതിനുപകരം, അവൾ ഇൻസ്റ്റാഗ്രാമിൽ സജീവമായിരുന്നു, ഗസ്സയിലെ മറ്റുള്ളവരെ സഹായിക്കാനുള്ള പ്രചാരണങ്ങളിൽ പങ്കെടുത്തു. വാക്കുകളില്ല. തീർച്ചയായും വാക്കുകളില്ല,” എക്‌സിൽ മറ്റൊരാൾ കുറിച്ചു.