കോട്ടയം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ ബിജെപിയിൽ തീരുമാനമായില്ല. ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സംസ്ഥാന നേതൃത്വത്തിനു വലിയ താൽപര്യമില്ലെന്നാണ് വിവരം. ഇന്ന് ഓൺലൈനായി ചേർന്ന കോർ കമ്മിറ്റി യോഗം തീരുമാനം ദേശീയ നേതൃത്വത്തിനു വിട്ടു.
തദ്ദേശ തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സംസ്ഥാന നേതൃത്വത്തിനു താൽപര്യം. പാർട്ടിക്ക് കാര്യമായ സ്വാധീനമില്ലാത്ത നിലമ്പൂരിൽ മത്സരിച്ച് വില കളയേണ്ടെന്നും നേതാക്കൾക്കിടയിൽ അഭിപ്രായമുണ്ട്.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് കേരളത്തിലെ ജനതയ്ക്കു മേൽ അടിച്ചേൽപ്പിച്ചതാണെന്ന് രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. ‘‘കേരളത്തിന്റെ വികസനത്തിനോ രാഷ്ട്രീയത്തിനോ ഒരു മാറ്റവും വരുത്താത്ത തിരഞ്ഞെടുപ്പാണ് നിലമ്പൂരിൽ നടക്കാൻ പോകുന്നത്. അക്കരപ്പച്ചകണ്ട് ചാടിയ ജനപ്രതിനിധിയുടെ വികല രാഷ്ട്രീയത്തിന്റെ പ്രതിഫലനമാണ് നിലമ്പൂരിൽ കാണുന്നത്.
അല്ലാതെ വോട്ടർമാർ ആഗ്രഹിച്ച തിരഞ്ഞെടുപ്പ് അല്ല. ഇത് അവർക്കു മുകളിൽ കെട്ടിവച്ചതാണ്. ഒരു വ്യക്തിയുടെ മാത്രം സ്വാർഥ താൽപര്യത്തിന്റെ ഫലമാണ്. ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഏതാനും മാസം കഴിഞ്ഞ് നിയമസഭാ തിരഞ്ഞെടുപ്പ് തന്നെ വരികയാണ്. അതുകൊണ്ടുതന്നെ ആരെങ്കിലും വിജയിച്ചാലും കേരളത്തിന് ഒരു മാറ്റവും സൃഷ്ടിക്കാൻ കഴിയില്ല. ഒരു ഗുണവും ഉണ്ടാവാത്ത തിരഞ്ഞെടുപ്പാണ് ഇത്’’– രാജീവ് ചന്ദ്രശേഖർ പറഞ്ഞു.