‘മൂക്കിന്റെ പാലമേ ഇപ്പോൾ പോയിട്ടുള്ളൂ, കയ്യൂക്കുള്ള സഖാക്കൾ ഉണ്ടെങ്കിൽ വന്ന വഴിക്ക് പോകില്ല’; ഭീഷണി പ്രസംഗവുമായി ഇ.പി ജയരാജൻ

0
7

കോഴിക്കോട്: വടകര എംപി ഷാഫി പറമ്പിലിനെതിരെ ഭീഷണി പ്രസംഗവുമായി മുതിർന്ന സിപിഎം നേതാവ് ഇ.പി ജയരാജൻ. മൂക്കിന്റെ പാലമേ ഇപ്പോൾ പോയിട്ടുള്ളൂ, ഇനി സൂക്ഷിക്കണമെന്നുമായിരുന്നു ജയരാജന്റെ ഭീഷണി.

കയ്യൂക്കുള്ള സഖാക്കൾ ഉണ്ടെങ്കിൽ വന്ന വഴിക്ക് പോകില്ല. മെക്കിട്ട് കയറാൻ നോക്കിയാൽ അനുഭവിക്കുമെന്നും ജയരാജൻ പറഞ്ഞു. പേരാമ്പ്ര സംഘർഷത്തിൽ സിപിഎം നടത്തിയ വിശദീകരണ യോഗത്തിലാണ് ജയരാജന്റെ ഭീഷണി.

ഷാഫി എംപിയായത് നാടിന്‍റെ കഷ്ടകാലമാണെന്ന് പറഞ്ഞ ഇ.പി ജയരാജൻ അഹംഭാവവും ധിക്കാരവുമൊക്കെ കോൺഗ്രസ്‌ ഓഫീസിൽ പോയി പറഞ്ഞാൽ മതിയെന്നും പറഞ്ഞു. ബോംബ് എറിഞ്ഞിട്ടും സമാധാനമായ നിലപാടാണ് പൊലിസ് സ്വീകരിച്ചത്. ലാത്തികൊണ്ട് ഏത് പൊലീസുകാരനാണ് ഷാഫിയെ തല്ലിയതെന്നും ചോദിച്ചു. കോൺഗ്രസുകാർ പരസ്പരം തല്ലിയത് പൊലിസിന്റെ മേൽ കെട്ടിവെക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഷാഫി പറമ്പിലിന് നേരെയുണ്ടായ ആക്രമണത്തിൽ പൊലിസുകാർക്ക് പങ്കുണ്ടെന്ന് പറഞ്ഞ കോഴിക്കോട് റൂറൽ എസ്പിക്ക് എതിരെയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ ജയരാജൻ രംഗത്ത് വന്നു. കാര്യങ്ങൾ മനസിലാക്കാതെയാണ് എസ്പിയുടെ വെളിപ്പെടുത്തൽ ഉണ്ടായത്. എസ്പിയെ ഭീഷണിപ്പെടുത്തി പറയിച്ചതാണെന്നും ജയരാജൻ പറഞ്ഞു. 

അതേസമയം, ഷാഫി പറമ്പിലിന് പരുക്ക് പറ്റിയതില്‍ ഉത്തരവാദി യുഡിഎഫ് തന്നെയാണെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണനും വിമര്‍ശിച്ചു. മൂക്കിന് സർജറി കഴിഞ്ഞ ആൾ എങ്ങനെ പെട്ടെന്ന് സംസാരിക്കുമെന്നും എല്ലാ തെളിവുകളും പൊലിസ് പരിശോധിക്കണമെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു.‌