വ്യവസായിക്കെതിരായ കേസ് ഒഴിവാക്കാൻ രണ്ട് കോടി കെെക്കൂലി; ഇ ഡി ഉദ്യോഗസ്ഥന്‍ ഒന്നാം പ്രതി

കൊച്ചി: ഇ ഡി കേസ് ഒഴിവാക്കുന്നതിന് വ്യവസായിയിൽ നിന്നും രണ്ട് കോടി രൂപ ആവശ്യപ്പെട്ട കേസിൽ
ഇ ഡി ഉദ്യോഗസ്ഥന്‍ ഒന്നാം പ്രതി. ഇ ഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറാണ് കേസിലെ ഒന്നാംപ്രതി. കേസിൽ ഇന്നലെ രണ്ട് പേരെ വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു.

തമ്മനം സ്വദേശി വില്‍സണ്‍, രാജസ്ഥാന്‍ സ്വദേശി മുരളി മുകേഷ് എന്നിവരെയായിരുന്നു വിജിലന്‍സ് എറണാകുളം യൂണിറ്റിന്റെ പിടിയിലായത്. കേസിൽ ശേഖര്‍ കുമാറും രണ്ടാം പ്രതി വില്‍സണും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാണ് കണ്ടെത്തല്‍. കേസില്‍ വിജിലന്‍സ് സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോട്ടിലാണ് ഇ ഡി ഉദ്യോഗസ്ഥന്റെ പേരുള്ളത്.

കൂടുതൽ ഇ ഡി ഉദ്യോഗസ്ഥർക്ക് കേസിൽ പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്ന് വിജലിന്‍സ് എസ് പി എസ് ശശിധരന്‍ പ്രതികരിച്ചു. മൂന്നാം പ്രതി മുരളി മുകേഷിന് ഹവാലാ ഇടപാടുകളുണ്ടെന്നും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ക്ക് കൊച്ചി ഇ ഡി ഓഫീസിലെ ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് അനധികൃത സാമ്പത്തിക ഇടപാടുകളുണ്ടെന്നും കണ്ടെത്തി. അഴിമതിയുടെ വ്യാപ്തി അറിയാന്‍ വിശദമായ അന്വേഷണം വേണമെന്ന് വിജിലന്‍സ് വ്യക്തമാക്കി.