കൊല്ലം: മന്ത്രി കെ.ബി. ഗണേഷ് കുമാർ വിവാദം പുകയുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണയ്ക്കും മുൻ ഡിജിപി ആർ. ശ്രീലേഖയ്ക്കും എതിരെ ഡിജിപിക്ക് പരാതി. യൂത്ത് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് ബിനു ചുള്ളിയിലാണ് പരാതി നൽകിയത്. ഗുരുതര കുറ്റം അറിഞ്ഞിട്ടും മറച്ചുവച്ചു എന്ന് ആരോപണം.
അതേസമയം, വിവാദങ്ങൾക്കിടെ പുതിയ പ്രഖ്യാപനങ്ങൾ നടത്തിക്കൊണ്ടായിരുന്നു ഗണേഷ് കുമാറിൻ്റെ മറുപടി. ബജറ്റ് ടൂറിസത്തിന് തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷനുമായി കെഎസ്ആർടിസി കരാർ ഒപ്പിട്ടു. മന്ത്രിസഭയ്ക്ക് ഇനി കുറച്ചു ദിവസം കൂടി മാത്രമേയുള്ളൂവെന്നും താൻ രാജി വയ്ക്കുമെന്ന് ആരും കരുതേണ്ടെന്നും ഗണേഷ് കുമാർ പറഞ്ഞു. ഇത് തൻ്റെ വിടവാങ്ങൽ പ്രസംഗമായി കണക്കാക്കാം. ആര് മന്ത്രിയായി എത്തിയാലും വികസനം തുടരണമെന്നും ഗണേഷ് കുമാർ പറഞ്ഞു.
“തെരഞ്ഞെടുപ്പ് വരാൻ പോവുകയാണ്. കെഎസ്ആർടിസിയിൽ ജീവനക്കാർക്ക് അനുകൂലമായ നിരവധി പദ്ധതികൾ നടപ്പിലാക്കി. രോഗ ചികിത്സയ്ക്ക് അടക്കം സഹായകരമാകുന്ന പൊതു ഫണ്ട് സംവിധാനം ഉടൻ നടപ്പിലാക്കും. ഇത് നടപ്പിലാക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആര് മന്ത്രിയായി എത്തിയാലും വികസനം തുടരണം. ഞാൻ രാജിവയ്ക്കും എന്ന് കരുതി എന്റെ പുറകെ ആരും വരണ്ട”, ഗണേഷ് കുമാർ പറഞ്ഞു.
വിവാദം ആളിക്കത്തിയതോടെ ഭാര്യ ബിന്ദു മേനോനെ ഗണേഷ് കുമാർ ഫോണിൽ വിളിച്ച് മാപ്പ് പറഞ്ഞിരുന്നു. അതോടെ സംഭവത്തിൽ പ്രതികാര നടപടിക്ക് ഇല്ലെന്നും പൊലീസിൽ പരാതിപ്പെടില്ലെന്നും ഭാര്യ ബിന്ദു മേനോൻ അറിയിച്ചു.





