വിവാദ വെളിപ്പെടുത്തലിൽ ജി സുധാകരൻ നിയമക്കുരുക്കിലേയ്ക്ക്; കേസെടുക്കാൻ നിര്‍ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ ബാലറ്റ് പൊട്ടിച്ച് തിരുത്തിയിട്ടുണ്ട് എന്ന പ്രസ്താവനയില്‍ സിപിഎം നേതാവ് ജി. സുധാകരനെതിരെ കേസെടുക്കും. ജി. സുധാകരന്‍ വെളിപ്പെടുത്തിയത് അത്യന്തം ഗൗരവമുള്ള വിഷയമാണെന്നാണ് സംസ്ഥാനത്തെ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ വിലയിരുത്തിയത്. വിഷയത്തില്‍ അടിയന്തര നടപടിക്ക് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദ്ദേശം നല്‍കി.
ആലപ്പുഴയിലെ എന്‍ജിഒ യൂണിയന്‍ പരിപാടിയില്‍ വെച്ചാണ് 1989ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ പൊട്ടിച്ച് തിരുത്തിയിട്ടുണ്ട് എന്ന് വെളിപ്പെടുത്തിയത്. വിഷയത്തില്‍ ഇനി കേസെടുത്താലും കുഴപ്പമില്ല എന്നാണ് സുധാകരന്‍ പറഞ്ഞത്. തപാല്‍ വോട്ട് പൊട്ടിച്ച് തിരുത്തി വോട്ട് സിപിഎം സ്ഥാനാര്‍ഥിക്ക് അനുകൂലമാക്കിയെന്നാണ് വെളിപ്പെടുത്തൽ. കമ്മീഷൻ കേസെടുത്താലും കുഴപ്പമില്ലെന്നാണ് ജി.സുധാകരൻ പറഞ്ഞത്. തെരഞ്ഞെടുപ്പ് ക്രമക്കേടിനെക്കുറിച്ചുള്ള വെളിപ്പെടുത്തൽ തെരഞ്ഞെടുപ്പ് കമ്മീഷന് അവഗണിക്കാനാകില്ല . ഈ സാഹചര്യത്തിലാണ് തുടര്‍ നടപടിയുടെ നിയമവശം തെരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിക്കുന്നത്.
തപാല്‍ വോട്ടുകള്‍ തിരുത്തിയെന്നത് അട്ടിമറിയായാണ് കാണുന്നത്. ഗുരുതരമായ ക്രിമിനല്‍ കുറ്റമായതിനാല്‍ ജി. സുധാകരനെതിരെ എഫ്.ഐ.ആര്‍ ഇട്ട് കേസെടുത്ത് അന്വേഷിക്കാനാണ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടറിന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
1989 ൽ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ കെവി ദേവദാസ് സിപിഎം സ്ഥാനാര്‍ഥിയായി മത്സരിച്ചപ്പോഴാണ് താൻ ഉള്‍പ്പെടെയുള്ളവര്‍ തപാൽ വോട്ട് തിരുത്തിയെന്ന് സുധാകരൻ പറയുന്നത്. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ വെച്ച് സര്‍ക്കാര്‍ ജീവനക്കാരുടെ തപാൽ വോട്ടുകള്‍ തിരുത്തിയെന്നാണ് വെളിപ്പെടുത്തൽ. സിപിഎം സര്‍വീസ് സംഘടനകളിൽ അംഗമായിരുന്നവരിൽ 15 ശതമാനത്തിന്‍റെ വോട്ട് ദേവദാസിന് ആയിരുന്നില്ലെന്നും സുധാകരൻ പറയുന്നു. 36 വര്‍ഷം മുമ്പത്തെ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വക്കം പുരുഷോത്തമനാണ് വിജയിച്ചത്.
വിഷയത്തില്‍ വിശദമായ അന്വേഷണം വേണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജനപ്രാതിനിധ്യ നിയമം, തിരഞ്ഞെടുപ്പ് ചട്ടം, ഭാരതീയ ന്യായ് സംഹിത എന്നിവയിലെ വകുപ്പുകള്‍ അനുസരിച്ചാകും കേസെടുക്കുക. സുതാര്യമായി നടത്തുന്ന തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിച്ച് ഒരുസ്ഥാനാര്‍ഥിക്ക് അനുകൂലമായി തിരഞ്ഞെടുപ്പ് ഫലം മാറ്റാന്‍ ശ്രമിച്ചുവെന്നത് ഗുരുതരമായ കുറ്റകൃത്യമായാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലയിരുത്തിയത്. നടന്നത് ഗുരുതരമായ നിയമലംഘനമാണെന്നും കമ്മീഷന്‍ പറയുന്നു.