വീണ്ടും ഡ്രോണ്‍ ആക്രമണനീക്കവുമായി പാക്കിസ്ഥാന്‍

അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയായി ജമ്മുവില്‍ വീണ്ടും ഡ്രോണ്‍ ആക്രമണനീക്കവുമായി പാക്കിസ്ഥാന്‍. ജമ്മുവിലും സാംബയിലുമാണ് പാക്കിസ്ഥാന്‍ ആക്രമണത്തിന് ശ്രമിച്ചത്. രണ്ടിടത്തും സൈന്യം ഡ്രോണുകള്‍ തകര്‍ത്തു. ജമ്മു മേഖലയില്‍ സ്ഫോടന ശബ്ദങ്ങള്‍ കേട്ടതായാണ് വിവരം. നഗരത്തില്‍ ബ്ലാക് ഔട്ട് പ്രഖ്യാപിച്ചു.

ഇതിനൊപ്പം നിയന്ത്രണരേഖയില്‍ പലയിടത്തും രൂക്ഷമായ പാക്ക് ഷെല്ലിങ് നടക്കുന്നുണ്ട്. കുപ്‌വാര, പൂഞ്ച്, ഉറി എന്നിവിടങ്ങളിലാണ് ഷെല്ലാക്രമണമുണ്ട്. കുപ്‌വാരയിലെ കര്‍ണ സെക്ടര്‍, പൂഞ്ചിലെ ദിഗ്വാര്‍, കര്‍മദ മേഖലകളിലാണ് ആക്രമണം. പൂഞ്ചില്‍ സൈറൺ മുഴങ്ങി. രജൗരിയില്‍ മുന്‍കരുതലിന്‍റെ ഭാഗമായി കെട്ടിടങ്ങള്‍ക്ക് പുറത്തുള്ള വെളിച്ചം അണച്ചു. രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ മുന്‍കരുതലുകളുടെ ഭാഗമായി ലൈറ്റുകള്‍ അണച്ചു.

വ്യാഴാഴ്ച രാത്രിയിലെ പാക്ക് ആക്രമണത്തിന് തിരിച്ചടി നല്‍കിയെന്ന് പ്രതിരോധ മന്ത്രാലയം. പാക്കിസ്ഥാന്‍റെ നാല് വ്യോമ പ്രതിരോധ കേന്ദ്രങ്ങളില്‍ ഡ്രോണുകള്‍ ഉപയോഗിച്ചായിരുന്നു ഇന്ത്യന്‍ ആക്രമണം. അതേസമയം അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ ഷെല്ലാക്രമണം തുടരുകയാണ്.

അതിനിടെ പ്രധാനമന്ത്രിയുടെ വീട്ടില്‍ നിര്‍ണായക യോഗം ചേര്‍ന്നു. സായുധസേന മേധാവിമാര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. വിരമിച്ച സായുധസേന മേധാവിമാരും പ്രധാനമന്ത്രിയെ കണ്ടു.

ഇന്നലെ രാത്രി കനത്ത ആക്രമണമാണ് പാക്കിസ്ഥാന്‍ നടത്തിയത്. നാനൂറോളം ഡ്രോണുകള്‍ ഉപയോഗിച്ച് 36 കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു പാക്കിസ്ഥാന്‍ ആക്രമണം. ആക്രമണത്തിന് തുര്‍ക്കി നിര്‍മിത ഡ്രോണുകളും ഉപയോഗിച്ചു. ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ആക്രമണനീക്കം തകര്‍ത്തു. വ്യോമപ്രതിരോധ സംവിധാനത്തിന്റെ ക്ഷമത പരീക്ഷിക്കാനായിരുന്നു ശ്രമമെന്ന് കേണല്‍ സോഫിയ ഖുറേഷിയും, വിങ് കമാന്‍ഡര്‍ വ്യോമികസിങ്ങും പറഞ്ഞു.