സ്കൂളില്‍വച്ച് പ്രിന്‍സിപ്പലും ലൈബ്രേറിയനും തമ്മില്‍ അടിയോടടി. രംഗം ശാന്തമാക്കിയത് സ്കൂളിലെ തൂപ്പുകാരിയായ സ്ത്രീ. വിദ്യാഭ്യാസമുള്ള മറ്റു രണ്ടു സ്ത്രീകളേക്കാള്‍ വിവേകമുള്ളത് ക്ലീനിങ് ജോലിക്കാരിക്കെന്ന് സോഷ്യല്‍മീഡിയ. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. മധ്യപ്രദേശിലെ കാര്‍ഗോണിലെ ഏകലവ്യ ആദര്‍ശ് സ്കൂളാണ് ഗുസ്തിഗോദയായി മാറിയത്.
ഇരുവരും കലഹിക്കുന്നിടത്തുനിന്നാണ് വിഡിയോ ആരംഭിക്കുന്നത്. പരസ്പരം ഉന്തിയും തള്ളിയും മുടിപിടിച്ചുവലിച്ചും മൊബൈല്‍ഫോണ്‍ വലിച്ചെറിഞ്ഞുമാണ് സംഘര്‍ഷം മുന്നേറുന്നത്. ഉച്ചത്തില്‍ ചീത്തവിളിച്ചുകൊണ്ടാണ് ഇരുവരും അടി തുടരുന്നത്. ലൈബ്രേറിയന്‍റെ ഫോണ്‍ പിടിച്ചുവാങ്ങി പ്രിന്‍സിപ്പല്‍ തറയിലെറിഞ്ഞ് പൊട്ടിക്കുന്നുണ്ട്. ആദ്യം ലൈബ്രേറിയനും പിന്നീട് പ്രിന്‍സിപ്പലും മൊബൈലില്‍ രംഗം ചിത്രീകരിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നെ അടിക്കുന്നതെന്തിനെന്നും എന്തു ധൈര്യത്തിലാണ് തന്നെ അടിക്കുന്നതെന്നുമുള്ള ലൈബ്രേറിയന്‍ യുവതിയുടെ ചോദ്യത്തിനു സ്വയരക്ഷ എന്ന മറുപടിയാണ് പ്രിന്‍സിപ്പല്‍ നല്‍കുന്നത്.
സംഘര്‍ഷം രൂക്ഷമാകുന്നതിനിടെയിലും ചുറ്റും നില്‍ക്കുന്നവരാരും ഇവരെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നില്ല. പിന്നാലെയെത്തിയ സ്കൂളിലെ ക്ലീനിങ് ജോലി ചെയ്യുന്ന സ്ത്രീയാണ് വളരെ ശാന്തമായി ഇരുവരോടും കാര്യം പറഞ്ഞ് ബോധ്യപ്പെടുത്തി പിന്തിരിപ്പിക്കുന്നത്. വിഡിയോ വൈറലായതിനു പിന്നാലെയെടുത്ത കേസിനെത്തുടര്‍ന്ന് ഇരുവരേയും കമ്മീഷണര്‍ ഓഫീസിലേക്ക് വിളിപ്പിച്ചു. ബുദ്ധിയും വിവേകവും മര്യാദയുമുള്ളത് ജോലിക്കാരി സ്ത്രീക്കാണെന്ന് പറഞ്ഞ് ഇവര്‍ക്ക് കയ്യടിക്കുകയാണ് സോഷ്യല്‍മീഡിയ.





