അടുത്ത മാസം കൊച്ചിയില്‍ നിന്ന് ആദ്യ വിമാനം പറത്തുമെന്ന പ്രതീക്ഷയിലാണ് എയര്‍ കേരള
ദുബൈ: കുറഞ്ഞ നിരക്കില്‍ വിമാന യാത്ര എന്ന പ്രവാസി മലയാളികളുടെ സ്വപ്‌നം സാക്ഷാത്കരിക്കുമെന്ന് പ്രഖ്യാപിച്ച് എത്തുന്ന എയര്‍ കേരള വിമാന കമ്പനി ഒരു കടമ്പ കൂടി കടന്നു. അന്താരാഷ്ട്ര വ്യോമ ഗതാഗത അസോസിയേഷന്റെ (അയാട്ട) എയര്‍ലൈന്‍ കോഡ് എയര്‍ കേരളക്ക് ലഭിച്ചു. എയര്‍ കേരളയുടെ സിഇഒ ഹരീഷ് കുട്ടിയാണ് ഇത് സംബന്ധിച്ച് അറിയിച്ചത്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
കഴിഞ്ഞ മാസം എയര്‍ കേരളയുടെ കേരളത്തിലെ കോര്‍പറേറ്റ് ഓഫീസ് ആലുവയില്‍ തുറന്നിരുന്നു. ഈ വര്‍ഷം അവസാനത്തോടെ നിരവധി പേര്‍ക്ക് ജോലി നല്‍കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. പുതിയ വിമാന കമ്പനി വരുന്നത് ജോലി സാധ്യതകള്‍ വര്‍ധിപ്പിക്കുമെന്ന് ഉറപ്പാണ്. മാത്രമല്ല, അടുത്ത മാസം കൊച്ചിയില്‍ നിന്ന് ആദ്യ വിമാനം പറത്തുമെന്ന പ്രതീക്ഷയിലാണ് എയര്‍ കേരള.
കെഡി എന്നാണ് എയര്‍ കേരളയ്ക്ക് അയാട്ട അനുവദിച്ചിരിക്കുന്ന എയര്‍ലൈന്‍ കോഡ്. എയര്‍ ഓപറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് (എഒസി) കൂടി ലഭിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. സാധാരണ രണ്ട് അക്ഷരങ്ങളോ അല്ലെങ്കില്‍ ഒരു അക്ഷരവും ഒരു അക്കവും ചേര്‍ന്നതോ ആയിരിക്കും അയാട്ട നല്‍കുന്ന കോഡ്. എയര്‍ ഇന്ത്യയുടെ കോഡ് എഐ എന്നാണ്. ഇന്‍ഡിഗോയുടേത് 6ഇ എന്നും.
എയർ കേരള അഥവാ ‘കെഡി‘
ഒരു കടമ്പ കൂടി കടന്നിരിക്കുകയാണ് എന്ന ആത്മവിശ്വാസത്തിലാണ് ഹരിഷ് കുട്ടി. എന്താണ് കെഡി എന്ന ചുരുക്കപ്പേര് കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന സംശയം സ്വാഭാവികമാണ്. ഇതിന് എയര്‍ കേരളയുടെ സ്ഥാപകനും ചെയര്‍മാനുമായ അഫി അഹമ്മദ് പറയുന്നത് ഒന്നിലധികം ഉത്തരങ്ങളാണ്. കേരള ഡ്രീം ആയി പരിഗണിക്കാമെന്ന് അദ്ദേഹം പറയുന്നു.
പ്രവാസി മലയാളികളുടെ സ്വപ്‌നം എന്ന നിലയില്‍ കേരള ഡ്രീം ആയി കണക്കാക്കാം. കേരള ടു ദുബായ്, കേരള ടു ദോഹ എന്നിങ്ങനെ പല അര്‍ഥവും കെഡിക്ക് കാണാവുന്നതാണ്. എയര്‍ കേരള എന്ന വിമാന കമ്പനി യാഥാര്‍ഥ്യമാകുന്നതിലേക്ക് അടുക്കുന്നു എന്ന സന്തോഷവും അഫി അഹമ്മദ് പങ്കുവച്ചു. എഒസി അടുത്ത മാസം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അഫി അഹമ്മദ്.
ഏപ്രില്‍ 15നാണ് എയര്‍ കേരളയുടെ കേരളത്തിലെ ഓഫീസ് ആലുവയില്‍ ഉദ്ഘാടനം ചെയ്തത്. മൂന്ന് നിലകളുള്ള ഓഫീസ് ആലുവ മെട്രോ സ്‌റ്റേഷനോട് ചേര്‍ന്നാണ്. വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ ഹൈബി ഈഡന്‍, ബെന്നി ബെഹനാന്‍, ഹാരിസ് ബീരാന്‍, അന്‍വര്‍ സാദത്ത്, റോജി എം ജോണ്‍ തുടങ്ങി നിരവധി ജനപ്രതിനിധികളും പങ്കെടുത്തിരുന്നു.
എയര്‍ കേരള ജോലി സാധ്യത
200ലധികം പേര്‍ക്ക് ഒരേ സമയം ജോലി ചെയ്യാന്‍ സാധിക്കുംവിധമാണ് ആലുവയിലെ ഓഫീസിലെ സൗകര്യങ്ങള്‍. 69 ജോലിക്കാരുടെ റിക്രൂട്ട്‌മെന്റ് നേരത്തെ പൂര്‍ത്തിയായിരുന്നു. അടുത്ത മാസത്തോടെ ജീവനക്കാരുടെ എണ്ണം 200 ആകും. ഈ വര്‍ഷം അവസാനത്തോടെ 1000ത്തോളം പേര്‍ക്ക് കമ്പനിയില്‍ ജോലി അവസരമുണ്ടാകുമെന്നും ഈ വേളയില്‍ ഏഴ് വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്നാണ് പ്രതീക്ഷയെന്നും അഫി അഹമ്മദ് പറയുന്നു.
പൈലറ്റ്, കാബിന്‍ ജീവനക്കാര്‍ എന്നിവരെ റിക്രൂട്ട് ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് പരിശീലനം നടക്കുകയാണ്. കൊച്ചിയില്‍ നിന്നായിരിക്കും എയര്‍ കേരള ആദ്യ സര്‍വീസ് തുടങ്ങുക. എന്നാല്‍ ഏത് വിമാനത്താവളത്തിലേക്കായിരിക്കും സര്‍വീസ് എന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ല. ആദ്യം ആഭ്യന്തര സര്‍വീസ് നടത്തുകയും മികവ് കാണിച്ച ശേഷം അന്താരാഷ്ട്ര സര്‍വീസ് തുടങ്ങുകയുമാണ് ലക്ഷ്യം. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ തുടങ്ങി പ്രമുഖ വിമാന കമ്പനികളുമായി മല്‍സരിച്ച് വേണം ലക്ഷ്യം നേടാന്‍. കുറഞ്ഞ ചെലവില്‍ യാത്ര എന്ന ലക്ഷ്യം സാധ്യമാകണമെങ്കിലും നിരവധി കടമ്പകള്‍ കടക്കേണ്ടതുണ്ട്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക