ഉയർന്ന നിക്ഷേപങ്ങൾക്കും ആഡംബര ജീവിതശൈലിക്കും പേരുകേട്ട ഈ വ്യവസായി ഏതാനും വർഷങ്ങൾക്ക് മുമ്പ് വിശിഷ്ട നമ്പർ പ്ലേറ്റുകൾക്കായുള്ള പ്രത്യേക ലേലത്തിൽ 33 മില്യൺ ദിർഹത്തിനാണ് ഒറ്റ അക്ക നമ്പർ നേടിയത്
ദുബൈ: ദുബൈ ആസ്ഥാനമായുള്ള ഇന്ത്യൻ വ്യവസായി ബൽവീന്ദർ സിംഗ് സാഹ്നിക്ക് അഞ്ചു വർഷം തടവ് ശിക്ഷ., ‘അബു സബാഹ്’ എന്നറിയപ്പെടുന്നയാൾക്ക് ഒരു ക്രിമിനൽ സംഘടന വഴി കള്ളപ്പണം വെളുപ്പിച്ചുവെന്ന കുറ്റത്തിനാണ് ദുബൈ കോടതി അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ചത്. ശതകോടീശ്വരനിൽ നിന്ന് 150 മില്യൺ ദിർഹം കണ്ടുകെട്ടാനും 500,000 ദിർഹം പിഴ ചുമത്താനും ദുബായിലെ നാലാമത്തെ ക്രിമിനൽ കോടതി ഉത്തരവിട്ടു.
ഒരിക്കൽ ഏറ്റവും ചെലവേറിയ കാർ നമ്പർ പ്ലേറ്റ് D5 എന്ന ഫാൻസി നമ്പർ 33 മില്യൺ ദിർഹത്തിന് ലേലം വിളിച്ചെടുത്ത പേരുകേട്ടയാളാണ് ഈ ഇന്ത്യൻ വ്യവസായിയായ ബൽവീന്ദർ സിംഗ് സാഹ്നി. പ്രതിയെ ജയിൽ ശിക്ഷ പൂർത്തിയാക്കിയ ശേഷം നാടുകടത്താനും കോടതി വിധിയിലുണ്ട്.
2024 ഡിസംബർ 18 ന് ബർ ദുബായ് പോലീസ് സ്റ്റേഷനിൽ നിന്ന് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയ കേസിൽ സാഹ്നിയുടെ മകൻ ഉൾപ്പെടെ ആകെ 33 പ്രതികൾ ഉൾപ്പെട്ടിരുന്നു. കേസിന്റെ ആദ്യ കോടതി സെഷൻ ജനുവരി 9 നാണ് നടന്നിരുന്നത്.
പ്രതികൾ ഷെൽ കമ്പനികളെയും സംശയാസ്പദമായ സാമ്പത്തിക ഇടപാടുകളെയും ഉപയോഗിച്ച് ഒരു സങ്കീർണ്ണമായ പണമിടപാട് ശൃംഖല നടത്തിയിരുന്നുവെന്ന്കോടതി വിധിയിലുണ്ട്. യുഎഇയിലും വിദേശത്തും വിപുലമായ സാമ്പത്തിക ഡാറ്റയും ബിസിനസ് ബന്ധങ്ങളും അന്വേഷണത്തിൽ കണ്ടെത്തി. വെളുപ്പിച്ച ഫണ്ടെന്ന് കരുതുന്ന 150 മില്യൺ ദിർഹം, ഇലക്ട്രോണിക് ഉപകരണങ്ങൾ, മൊബൈൽ ഫോണുകൾ, കേസുമായി ബന്ധപ്പെട്ട രേഖകൾ എന്നിവ പിടിച്ചെടുക്കാനും കോടതി ഉത്തരവിളുണ്ട്.
കേസിലെ ചില പ്രതികളെ അവരുടെ അസാന്നിധ്യത്തിലാണ് വിചാരണ ചെയ്തത്. മറ്റുള്ളവർ കോടതിയിൽ ഹാജരായി. പ്രതികളിൽ ചിലർക്ക് ഒരു വർഷത്തെ തടവും 200,000 ദിർഹം വീതം പിഴയും വിധിച്ചു. കൂടാതെ, കേസിൽ ഉൾപ്പെട്ട മൂന്ന് കമ്പനികൾക്ക് 50 മില്യൺ ദിർഹം പിഴയും, അവരുടെ നിയന്ത്രണത്തിലുള്ള ക്രിമിനൽ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള ഉത്തരവുകളുമുണ്ട്.
യുഎഇ, യുഎസ്, ഇന്ത്യ, മറ്റ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഒരു പ്രോപ്പർട്ടി മാനേജ്‌മെന്റ് സ്ഥാപനത്തിന്റെ സ്ഥാപകനാണ് സാഹ്നി. ഉയർന്ന നിക്ഷേപങ്ങൾക്കും ആഡംബര ജീവിതശൈലിക്കും പേരുകേട്ട അദ്ദേഹം, 2016 ൽ വിശിഷ്ട നമ്പർ പ്ലേറ്റുകൾക്കായുള്ള പ്രത്യേക ലേലത്തിൽ 33 മില്യൺ ദിർഹത്തിന് ഒറ്റ അക്ക കാർ പ്ലേറ്റ് ‘D5’ വാങ്ങിയതിന് ശേഷം പൊതുജനശ്രദ്ധ നേടി. ഈ ഫാൻസി നമ്പർ 33 മില്യൺ ദിർഹത്തിനാണ് അദ്ദേഹം ലേലം വിളിച്ചെടുത്തത്.





