കളിചിരികൾക്കിടെ കൂട്ടനിലവിളി,  അപ്രതീക്ഷിതമായി തുരുതുരായുണ്ടായ വെടിവെപ്പിൽ വിനോദസഞ്ചാരികൾ നടുങ്ങി; പരിക്കേറ്റവരെ താഴെയെത്തിച്ചത് തോളിലേറ്റിയും കുതിരപ്പുറത്തും

0
1002

വിനോദസഞ്ചാരികളുടെ കളിചിരി ബഹളങ്ങളുയരുന്ന ബൈസാരന്‍ പുല്‍മേട്ടില്‍നിന്ന് ചൊവ്വാഴ്ച വൈകുന്നേരം ഉയര്‍ന്നത് സഹായത്തിനായുള്ള നിലവിളികൾ. ഉച്ചയ്ക്ക് രണ്ടരയോടെ അപ്രതീക്ഷിതമായി തുരുതുരായുണ്ടായ വെടിവെപ്പിൽ വിനോദസഞ്ചാരികൾ നടുങ്ങി. സംഭവിക്കുന്നതെന്തെന്ന് തിരിച്ചറിയുമ്പോഴേക്കും നിരവധി പേർക്ക് വെടിയേറ്റിരുന്നു.

പഹൽഗാമിലെ കുന്നിൻമുകളിലെ പുൽമേടായ ബൈസാരനെ ചുറ്റിയുള്ള പൈൻകാടുകൾക്കിടയിൽ നിന്നാണ് ഭീകരര്‍ പുറത്തുവന്നത്. സൈനികവേഷത്തിലെത്തിയ ഭീകരർ 40 ഓളം വരുന്ന വിനോദസഞ്ചാരിസംഘത്തിനുനേർക്ക് വെടിയുതിര്‍ക്കുകയായിരുന്നു. നിരവധി പേർ വെടിയേറ്റുവീണു. ആളുകള്‍ രക്തത്തില്‍ കുളിച്ച് നിശ്ചലരായി കിടക്കുന്ന ഹൃദയഭേദകമായ കാഴ്ചകളാണെന്ന് ഞെട്ടലോടെ ദൃക്‌സാക്ഷികള്‍ പറയുന്നു.

പഹല്‍ഗാമിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് ബൈസാരന്‍. പച്ചപ്പ് നിറഞ്ഞ പുല്‍മേടുകള്‍ കാരണം ‘മിനി സ്വിറ്റ്‌സര്‍ലന്‍ഡ്’ എന്നാണ് ബൈസാരനെ വിശേഷിപ്പിക്കുന്നത്. ഈ പുല്‍മേടുകളിലേക്ക് കാല്‍നടയായോ കുതിരപ്പുറത്തോ മാത്രമേ എത്താന്‍ കഴിയൂ എന്നതിനാല്‍, പരിക്കേറ്റവരെ രക്ഷപ്പെടുത്താന്‍ ഹെലികോപ്റ്ററുകളെ ആശ്രയിക്കേണ്ടി വന്നു. ഹെലികോപ്റ്റർ എത്തിച്ചേരുന്നതിനുമുൻപ് പരിക്കേറ്റ ചിലരെ നാട്ടുകാര്‍ അവരുടെ കുതിരപ്പുറത്ത് ആശുപത്രിയിലെത്തിച്ചിരുന്നു.

ടൂറിസ്റ്റ് ഗൈഡുകളും കുതിരക്കാരും ചേര്‍ന്ന് പരിക്കേറ്റ വിനോദസഞ്ചാരികളെ തോളിലേറ്റിയും കുതിരപ്പുറത്തും അടുത്തുള്ള വാഹനമെത്തുന്ന സ്ഥലത്തേക്ക് മാറ്റി. ആക്രമണവാര്‍ത്ത പുറത്തുവന്നയുടനെ, പഹല്‍ഗാമിലെ റോഡുകളും തെരുവുകളും വിജനമായി. വിനോദസഞ്ചാരികള്‍ അവിടംവിട്ട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് നീങ്ങി.

പഹല്‍ഗാമിലെ ആക്രമണ സ്ഥലത്തുനിന്നുള്ള ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. നിരവധിപേര്‍ രക്തം വാര്‍ന്ന് നിലത്ത് നിശ്ചലരായി കിടക്കുന്നതും സ്ത്രീകള്‍ വിലപിക്കുകയും തങ്ങളുടെ പ്രിയപ്പെട്ടവരെ തിരയുകയും വീഡിയോദൃശ്യങ്ങളിൽ കാണാം. വര്‍ഷങ്ങളായി ഭീകരവാദത്തില്‍ വലഞ്ഞ കശ്മീരില്‍ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായ സമയത്താണ് ഈ സംഭവം.

2000-ല്‍ പഹല്‍ഗാമിലെ അമര്‍നാഥ് ബേസ് ക്യാമ്പിലുണ്ടായ ഭീകരാക്രമണത്തില്‍ 30ലധികം പേര്‍ കൊല്ലപ്പെടുകയും 60 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഒരു വര്‍ഷത്തിനു ശേഷം, ശേഷ്‌നാഗില്‍ അമര്‍നാഥ് തീര്‍ഥാടകര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു, 2002-ല്‍ പഹല്‍ഗാം മേഖലയിലുണ്ടായ മറ്റൊരു ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. 2017- ല്‍ അമര്‍നാഥ് ക്ഷേത്രത്തില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന എട്ട് തീര്‍ഥാടകര്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ വര്‍ഷം മേയില്‍ പഹല്‍ഗാമിലെ യന്നറില്‍ ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ രാജസ്ഥാനില്‍ നിന്നുള്ള വിനോദസഞ്ചാരികളായ ദമ്പതിമാർക്ക് പരിക്കേറ്റിരുന്നു.