Wednesday, 14 May - 2025

കുതിച്ച് കുതിച്ച് ചൈന; അതിവേഗ ഇന്റര്‍നെറ്റ് സേവനം; ’10ജി’ അവതരിപ്പിച്ച് രാജ്യം

ലോകത്ത് അതിവേഗം കുതിക്കുന്നതില്‍ ചൈന എന്നും മുന്നിലാണ്. അതിവേഗ ഇന്റര്‍നെറ്റ് സേവനങ്ങളുടെ കാര്യത്തിലും ചൈന അതുസാധിച്ചിരിക്കുന്നുവെന്നു വേം പറയാന്‍. പരീക്ഷണാടിസ്ഥാനത്തില്‍ ’10ജി’ ചൈന നടപ്പാക്കിയതാണ് പുതിയ വാര്‍ത്ത. പത്ത് ഗിഗാബിറ്റ് വരെയാണ് പുതിയ സാങ്കേതികവിദ്യയുടെ വേഗം. തലസ്ഥാനമായ ബെയ്ജിങ്ങിന് സമീപമുള്ള ഹെബെയ് പ്രവിശ്യയിലാണ് വാവേയും ചൈന യൂണികോമും ചേര്‍ന്ന് അതിവേഗ ബ്രോഡ്ബാര്‍ഡ് പരീക്ഷിച്ചത്.

50 ജി-പിഒഎന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് 10 ജി രൂപപ്പെടുത്തിയിട്ടുള്ളത്. ഫൈബര്‍ ഒപ്ടിക് ടെക്‌നോളജിയിലെ പുതിയ അവതാരമാണ് 50 ഗിഗാബിറ്റ് പാസീവ് ഒപ്ടിക്കല്‍ നെറ്റ്വര്‍ക്ക് അഥവാ 50 ജി-പി.ഒ.എന്‍. സെക്കന്‍ഡില്‍ 50 ഗിഗാബിറ്റ് വരെ വേഗം ആര്‍ജിക്കാന്‍ കഴിയുന്ന സാങ്കേതികവിദ്യയാണിത്.

വ്യാവസായികാടിസ്ഥാനത്തില്‍ യു.എ.ഇ (543 മെഗാബിറ്റ്), ഖത്തര്‍ (521 മെഗാബിറ്റ്) എന്നിവിടങ്ങളിലാണ് നിലവില്‍ ഏറ്റവും വേഗമേറിയ ഇന്റര്‍നെറ്റ് ലഭിക്കുന്നത്. ഇതിന്റ പലമടങ്ങ് വേഗമാണ് ചൈനയില്‍ അവതരിപ്പിച്ച 10ജിയില്‍ വാഗ്ദാനം ചെയ്യേുന്നത്. 1 ഗിഗാബിറ്റ് നെറ്റ്‌വര്‍ക്കില്‍ 90 ഗിഗാബൈറ്റുള്ള 8കെ സിനിമ ഡൗണ്‍ലോഡ് ചെയ്യാന്‍ 12 മിനിറ്റ് വേണമെങ്കില്‍, 10ജിയില്‍ അത് 72 സെക്കന്‍ഡായി കുറയുമെന്നതാണ് ഇതിന്റെ പ്രത്യേകത.

വിനോദത്തിനു പുറമെ വിദ്യാഭ്യാസ മേഖലയിലും പുതിയ സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുമെന്നാണ് ചൈന കണക്കുകൂട്ടുന്നത്. വെര്‍ച്വല്‍ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി, ക്ലൗഡ് ഗെയിമിങ്, സ്മാര്‍ട്ട് സിറ്റികള്‍, ഡ്രൈവറില്ലാ കാറുകള്‍ എന്നിങ്ങനെ ഭാവിയെ ലക്ഷ്യമിട്ടുള്ള സൗകര്യങ്ങള്‍ക്കായാണ് പുതിയ സാങ്കേതികവിദ്യ തയാറാക്കിയിരിക്കുന്നത്. വരും ലോകം അതിവേഗതയുടേതായിരിക്കും. അതിനനുസരിച്ച സാങ്കേതിക വിദ്യയുടെ വികസനത്തിലാണ് ചൈന. അതിന്റെ ഭാഗമാണ് 10 ജിയുടെ വരവ്.

Most Popular

error: