Monday, 28 April - 2025

യുഎസ് മുന്നോട്ടുവെച്ച യുക്രെയ്നുമായുള്ള വെടിനിർത്തൽ കരാറിനെ പിന്തുണച്ച് പുടിൻ

യുഎസ് മുന്നോട്ടുവെച്ച യുക്രെയ്നുമായുള്ള വെടിനിർത്തൽ കരാറിനെ പിന്തുണച്ച് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. സമാധാനത്തിന് വെടിനിർത്തൽ കരാർ അനിവാര്യമാണെന്നും എന്നാൽ ഏതൊരു വെടിനിർത്തലും സംഘർഷത്തിന്റെ മൂലകാരണങ്ങളെ കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും റഷ്യൻ പ്രസിഡന്റ് വ്യക്തമാക്കി. വെടിനിർത്തൽ കരാറിന്റെ വിശദാംശങ്ങളിൽ കൂടുതൽ ചർച്ച വേണമെന്നും പുടിൻ അറിയിച്ചു. വെടിനിർത്തൽ കരാറുമായി ബന്ധപ്പെട്ട് പുടിൻ ഡൊണാള്‍ഡ് ട്രംപുമായി ചർച്ച നടത്തിയേക്കും.

യുക്രെയ്നിൽ 30 ദിവസത്തെ വെടിനിർത്തലിനുള്ള  കരാറാണ് നിലവിൽ ആവിഷ്കരിച്ചിരിക്കുന്നത്. മൂന്ന് വർഷത്തെ സംഘർഷത്തിന് “നിരുപാധിക” വിരാമമാണ് യുഎസ് ആവശ്യപ്പെട്ടത്. വെടിനിർത്തൽ കരാറിന് അനുകൂലമായി റഷ്യൻ പ്രസിഡന്റിന്റെ ഭാ​ഗത്ത് നിന്നും പ്രസ്താവന വന്നതിനു പിന്നാലെ, ‘പുടിൻ വളരെ പ്രതീക്ഷ നൽകുന്ന ഒരു പ്രസ്താവന പുറപ്പെടുവിച്ചു, എന്നായിരുന്നു ഓവൽ ഓഫീസിൽ നിന്നുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവന. പക്ഷേ പുടിന്റെ പ്രസാതാവന പൂർണമല്ലെന്നു വെടിനിർത്തൽ ഉറപ്പാക്കാൻ റഷ്യൻ പ്രസിഡന്റുമായി സംസാരിക്കാൻ തയ്യാറാണെന്നും ട്രംപ് പറഞ്ഞതായാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്.

സൗദി അറേബ്യയില്‍ നടന്ന ചര്‍ച്ചയില്‍ 30 ദിവസത്തെ വെടിനിര്‍ത്തലിന് ധാരണയായിരുന്നു. കരാറില്‍ ഒപ്പിടുന്നതിന് മുന്നോടിയായി റഷ്യ വീണ്ടും ഉപാധികള്‍ മുന്നോട്ടു വച്ചിരുന്നു. യുക്രെയ്ന് നാറ്റോ അംഗത്വം നല്‍കരുത്, യുക്രെയ്നില്‍ വിദേശസൈന്യത്തെ വിന്യസിക്കരുത്, ക്രിമിയ ഉള്‍പ്പെടെ നാല് പ്രവിശ്യകള്‍ റഷ്യയുടേതാണെന്ന് അംഗീകരിക്കണം എന്നിങ്ങനെ ആവശ്യങ്ങളായിരുന്നു റഷ്യ ആവർത്തിച്ചത്. എന്നാൽ വെടിനിര്‍ത്തലിന് തയ്യാറായില്ലെങ്കില്‍, റഷ്യക്കെതിരെ കടുത്ത സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുമെന്ന സൂചനയുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും രംഗത്തെത്തി. പുടിൻ വെടിനിര്‍ത്തല്‍ കരാര്‍ നിരസിച്ചാല്‍, കടുത്ത നടപടികള്‍ സ്വീകരിക്കണമെന്നാണ് ഞാന്‍ മനസിലാക്കുന്നത്’ എന്ന് യുക്രെയ്ന്‍ പ്രസിഡൻ്റ് വൊളോഡിമര്‍ സെലന്‍സ്കിയും പ്രതികരിച്ചിരുന്നു.

Most Popular

error: