കൃത്യമായ വിവരങ്ങൾ ഉൾപ്പെടുത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വഴി സഊദി സൈബർ പൊലീസിലും പരാതി നൽകുന്നതോടെ അപവാദപ്രചരണം നടത്തുന്നവർ കുടുങ്ങും
റിയാദ്: സഊദി ജയിലിൽ കഴിയുന്ന അബ്ദുറഹീമിന്റെ വധശിക്ഷ റദ്ദ് ചെയ്യുന്നതിനായി സമാഹരിച്ച ദിയ ധനവുമായി ബന്ധപ്പെട്ട് അപവാദങ്ങൾ പ്രചരിപ്പിച്ചതിനെതിരെ പരാതി നൽകി. കോഴിക്കോട് സ്വദേശിക്കെതിരെയാണ് അബ്ദുറഹീം കേസിൽ സജീവമായി ഇടപെട്ട റിയാദിലെ ഇന്ത്യൻ എംബസി മുൻ ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരി കോഴിക്കോട് സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകിയത്. റഹീം കേസുമായി ബന്ധപ്പെട്ട നടപടികളിൽ കഴിഞ്ഞ 18 വർഷം ഇന്ത്യൻ എംബസി പ്രതിനിധിയായി ഇടപെട്ടിരുന്ന ഉദ്യോഗസ്ഥനാണ് യൂസഫ് കാക്കഞ്ചേരി. ഔദ്യോഗിക കാലാവധി പൂർത്തിയായതോടെ കഴിഞ്ഞ മാസം നാട്ടിലേക്ക് മടങ്ങിയിരുന്നു അദ്ദേഹം.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
കോഴിക്കോട്ടെ പ്രമുഖ വാഹന ഷോറൂമിൽ നിന്ന് കാർ വാങ്ങുന്നതിെൻറ ചിത്രം പകർത്തി തെറ്റിദ്ധരിപ്പിക്കും വിധം കാപ്ഷനുകൾ കൊടുത്ത് വാട്സ്ആപ് വഴി പ്രചരിപ്പിക്കുകയും ദിയാധനത്തിനായി പിരിച്ച തുകയിൽ നിന്നാണ് ഇതെല്ലാമുണ്ടാക്കുന്നതെന്ന് പരോക്ഷപമായി സൂചിപ്പിച്ചുള്ള അപവാദം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് യൂസഫ് കോഴിക്കോട് സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകിയത്.
സഊദി അറേബ്യയിലുള്ള ചില പ്രവാസികൾ ഈ രീതിയിലുള്ള സൈബർ ആക്രമണം നടത്തുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിന്റെ തെളിവുകളെല്ലാം ശേഖരിച്ച് കൃത്യമായ വിവരങ്ങൾ ഉൾപ്പെടുത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വഴി സഊദി സൈബർ പൊലീസിലും പരാതി നൽകാൻ ഒരുങ്ങുകയാണ് യൂസുഫ് കാക്കഞ്ചേരി.
ഇന്ത്യൻ എംബസി ഏൽപിച്ച ദൗത്യം നിർവഹിക്കുകയല്ലാതെ ഏതെങ്കിലും രീതിയിലുള്ള പണമിടപാട് നടത്തിയിട്ടില്ല. റഹീമിന്റെ മോചനത്തിന് നൽകിയ ദിയാധനവും വക്കീൽ ഫീസുമെല്ലാം എംബസി നേരിട്ട് ചെക് വഴി നടത്തിയ ഇടപാടാണ്. ദിയാധനമായ ഒന്നര കോടി സഊദി റിയാലിന്റെ ചെക്ക് ഇന്ത്യൻ എംബസി റിയാദ് ഗവർണറേറ്റും കോടതിയും മുഖേനയാണ് കൊല്ലപ്പെട്ട സഊദി ബാലെൻറ കുടുംബത്തിന് കൈമാറിയത്. ഇതിനെല്ലാം രേഖയുണ്ട്. ഇക്കാര്യങ്ങളെല്ലാം പലയാവർത്തി മാധ്യമങ്ങളിലൂടെയും അല്ലാതെയും പറഞ്ഞതാണ്. എന്നിട്ടും ബോധപൂർവം കരിവാരിതേക്കാനുള്ള ശ്രമം ഇനിയും അനുവദിക്കാനാവില്ല. ഇത് വ്യക്തിഹത്യയാണ്. ഇതിനെതിരെ ഇരു രാജ്യങ്ങളിലും ശക്തമായ നിയമപോരാട്ടം നടത്തുമെന്നും യൂസഫ് പറഞ്ഞതായി ‘മാധ്യമം’ ഓൺലൈൻ റിപ്പോർട്ട് ചെയ്തു.
റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട പണമിടപാടുകളോ കേസ് നടപടികളോ സംബന്ധമായി എന്തെങ്കിലും പരാതിയുണ്ടെങ്കിൽ അത് പറയാൻ ബന്ധപ്പെട്ട വകുപ്പുകളുണ്ട്. വിദേശത്തുള്ളവർക്ക് ഇന്ത്യൻ എംബസികളും നാട്ടിലുള്ളവർക്ക് പൊലീസ് ഉൾപ്പടെയുള്ള സംവിധനങ്ങളിലും ഇതിനായി സമീപിക്കാം. അത്തരം സൗകര്യങ്ങളുണ്ടായിരിരിക്കെ അതൊന്നും ഉപയോഗപ്പെടുത്താതെ സോഷ്യൽ മീഡിയ വഴിയുള്ള വ്യക്തിഹത്യാ ശ്രമങ്ങളെ ലഭ്യമായ നിയമമാർഗങ്ങൾ ഉപയോഗിച്ച് നേരിടുക തന്നെ ചെയ്യും. ഇത്തരത്തിൽ അപവാദ പ്രചരണം നടത്തിയ ഒരാളെയും അത്തരം വാട്സ്ആപ് ഗ്രൂപ്പ് അഡ്മിന്മാർ ഉൾപ്പടെ ബന്ധപ്പെട്ട എല്ലാവർക്കുമെതിരെ നിയമനടപടി സ്വീകരിക്കാൻ ആവശ്യമായതെല്ലാം ചെയ്യുമെന്നും യൂസഫ് പറഞ്ഞു.
സമാനതകളില്ലാത്ത മലയാളികളുടെ ഐക്യപ്പെടൽ ഒരു ജീവൻ രക്ഷിച്ചത് ലോകാമകേ അഭിമാനകരമായ വാർത്തയായി പ്രചരിക്കുമ്പോൾ ഒരു വിഭാഗം അതിനെല്ലാം മുകളിൽ മലയാളികളെ അപമാനിക്കാനുള്ള ശ്രമമാണ് നടത്തിവരുന്നത്. നിയമത്തിൽ വിശ്വസിക്കുന്ന ഒരാളെന്ന നിലയിൽ നിയമം വഴി നേരിടുകയാണ് താൻ ചെയ്യുന്നത്. കേസുമായി ബന്ധപ്പെട്ട പലർക്കെതിരെയും കുപ്രചരണങ്ങൾ സോഷ്യൽ മീഡിയ വഴി അഴിച്ചുവിടുന്നുണ്ട്.
വിദേശത്ത് ഒരു മലയാളിയും കുടുങ്ങിപ്പോകരുത് എന്ന കരുതിയാണ് ഇത്രയുംകാലവും ക്ഷമിച്ചതും സഊദിയിൽ നിയമനടപടികൾക്ക് ഒരുങ്ങാതിരുന്നതും. അതൊരു സൗകര്യമായി കണ്ട് എല്ലാ സീമകളും ലംഘിച്ച് അപമാനം തുടരുന്നപക്ഷം ഒരാളെയും വെറുതെ വിടില്ല. നിയമപോരാട്ടത്തിന് പിന്തുണ അറിയിച്ച് പ്രവാസികൾ ഉൾപ്പടെ സമൂഹത്തിെൻറ വിവിധ കോണുകളിലുള്ളവർ ബന്ധപ്പെടുന്നുണ്ടെന്നും യൂസഫ് പറഞ്ഞു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക